ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ അനിശ്ചിതത്വം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടുത്ത ഘട്ട ബന്ദി മോചനം നിര്‍ത്തുകയാണെന്നാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാരോപിച്ചാണ് നീക്കം. ശനിയാഴ്ചയ്ക്കുള്ളില്‍ എല്ലാ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ കരാര്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറിയിച്ചിട്ടുണ്ട്. ഹമാസിന്റെ പ്രഖ്യാപനം വെടിനിര്‍ത്തല്‍ കരാറിന്റെ പൂര്‍ണ്ണമായ ലംഘനമാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പ്രതികരിച്ചു. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുക്കാന്‍ ഇസ്രായേല്‍ സൈന്യത്തോട് ആവശ്യപ്പെട്ടു.
ഹമാസ് ശനിയാഴ്ച ഉച്ചയോടെ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശിക്കുമെന്നും വലിയ ഭവിഷ്യത്ത് ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തിങ്കളാഴ്ച ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, വെടിനിര്‍ത്തല്‍ കരാറില്‍ തീരുമാനമെടുക്കേണ്ടത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണെന്നും ട്രംപ് പറഞ്ഞു.
ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെതിരായ ആക്രമണത്തില്‍ യുഎസ് സൈന്യം ഇസ്രായേലിനൊപ്പം ചേരുമോ എന്ന ചോദ്യത്തിന് 'ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസ് കണ്ടെത്തും' എന്നായിരുന്നു ട്രംപിന്റെ മറുപടി.