ഉത്തര്‍പ്രദേശിലെ മീററ്റില്‍ നേവി ഉദ്യോഗസ്ഥനെ ഭാര്യ മുസ്‌കാനും പുരുഷ സുഹൃത്ത് സഹില്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സൗരഭ് രജ്പുതിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ ശേഷം തലയും കൈകളും കാമുകന്റെ വീട്ടില്‍ കൊണ്ടുപോയി മന്ത്രവാദം നടത്തിയതായി പൊലീസ് വ്യക്തമാക്കി.
സൗരഭിന്റെ മുറിച്ചുമാറ്റിയ തലയും കൈകളും സാഹില്‍ തന്റെ മുറിയിലേക്ക് കൊണ്ടുപോയി ദുര്‍ മന്ത്രവാദം നടത്തുകയും പിന്നീട് മുസ്‌കാന്റെ വീട്ടിലേക്ക് തിരികെ എത്തിക്കുകയും ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശരീരഭാഗങ്ങള്‍ സിമന്റ് ഡ്രമ്മില്‍ നിക്ഷേപിച്ചതായാണ് പൊലീസ് പറയുന്നത്.
കേസില്‍ പ്രതിയായ ഭാര്യയുടെ സുഹൃത്ത് സാഹിലിന്റെ വീട്ടിലെ മുറിയില്‍ നിന്ന് ഡ്രാഗണുകളുടെ രേഖാചിത്രങ്ങളും മറ്റ് ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് പൊലീസ് വിലയിരുത്തുന്നത്. സാഹിലിന്റെ മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ ഒരു പൂച്ചയെയും ചിതറി കിടക്കുന്ന നിരവധി ബിയര്‍ കുപ്പികളും പൊലീസ് കണ്ടെത്തിയിരുന്നു.
മയക്കുമരുന്നിന് അടിമയായിരുന്ന സാഹില്‍ അന്ധവിശ്വാസങ്ങളിലും ദുര്‍ മന്ത്രവാദത്തിലും വിശ്വാസിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സാഹില്‍ കൂടുതല്‍ സമയവും വീട്ടില്‍ ചെലവഴിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. സാഹിലിന്റെ അമ്മ വളരെക്കാലം മുമ്പ് മരിച്ചു. അച്ഛന്‍ നോയിഡയിലാണ് താമസിക്കുന്നത്.
സാഹിലിന്റെ അന്ധവിശ്വാസങ്ങളെ മുസ്‌കാന്‍ മുതലെടുത്തതായും പൊലീസ് സംശയിക്കുന്നുണ്ട് . മുസ്‌കാന്‍ വ്യാജ സ്നാപ്ചാറ്റ് അക്കൗണ്ടുകളിലൂടെ മരിച്ചുപോയ അമ്മയാണെന്ന് പറഞ്ഞ് സാഹിലിന് ടെക്സ്റ്റ് മെസേജ് അയയ്ക്കുകയും സൗരഭിനെ കൊല്ലാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നതായും പൊലീസ് പറയുന്നു.
അതേസമയം മുന്‍ നേവി ഉദ്യോഗസ്ഥന്‍ ലണ്ടനില്‍ നിന്ന് വലിയ തുകയുമായാണ് തിരിച്ചെത്തിയതെന്ന് സൗരഭിന്റെ സഹോദരന്‍ ബബ്ലു അവകാശപ്പെട്ടു. ബോളിവുഡ് നടിയാകാന്‍ വേണ്ടി ഭാര്യ മുസ്‌കന്‍ റസ്തോഗി പലതവണ വീട്ടില്‍ നിന്ന് പോയിട്ടുണ്ടെന്നും ഇത് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും സഹോദരന്‍ വെളിപ്പെടുത്തി. ഈ തര്‍ക്കങ്ങള്‍ കാരണം 2021-ല്‍ വിവാഹമോചന കേസും ഫയല്‍ ചെയ്തിരുന്നതായും സഹോദരന്‍ ബബ്ലു പറഞ്ഞു.
സൗരഭിന്റെ പണം ഉപയോഗിച്ച് മുസ്‌കാന്‍ സ്ഥലവും ഐഫോണും വാങ്ങിയിരുന്നതായും ബബ്ലു പറഞ്ഞു. പാസ്പോര്‍ട്ട് പുതുക്കുന്നതിനായാണ് സൗരഭ് ഇന്ത്യയിലേക്ക് വന്നതെന്നും സഹോദരന്‍ പറഞ്ഞു. മുസ്‌കന്റെ മാതാപിതാക്കളും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും അവളുടെ കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ബബ്ലു ആരോപിച്ചു.
എന്നാല്‍ തന്റെ അച്ഛനാണ് വീട്ടുചെലവുകള്‍ വഹിക്കുന്നതെന്നാണ് മുസ്‌കാന്റെ അവകാശവാദം, സാമ്പത്തിക തര്‍ക്കങ്ങളെച്ചൊല്ലി സൗരഭുമായി തര്‍ക്കമുണ്ടാകാറുണ്ടായിരുന്നെന്നും മുസ്‌കാന്‍ മൊഴി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് നാലിനാണ് ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില് ശുക്ലയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. മൃതദേഹം 15 കഷണങ്ങളാക്കി വെട്ടിനുറുക്കി വീപ്പയ്ക്കുള്ളില്‍ സിമന്റിട്ട് മൂടുകയായിരുന്നു. മുസ്‌കാനും സാഹിലും തമ്മിലുള്ള വിവാഹേതര ബന്ധമാണ് കൊടുംക്രൂരയിലേക്ക് നയിച്ചത്.