കോട്ടയം തിരുവാതുക്കല്‍ ഇരട്ട കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന. വീടിന്റെ പുറകിലെ വാതില്‍ അമ്മിക്കല്ല് കൊണ്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൊല ചെയ്യാന്‍ ഉപയോഗിച്ചിരുന്ന കോടാലിയും മൃതദേഹങ്ങള്‍ക്ക് അടുത്ത് നിന്ന് കണ്ടെത്തി. നേരത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് നിഗമനം.
ദമ്പതികളെ വീടിനുള്ളില്‍ രക്തവാര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യവസായിയും തിരുവാതുക്കല്‍ സ്വദേശിയുമായ വിജയകുമാര്‍, മീര എന്നിവരാണ് കൊല്ലപ്പെട്ടത്. രക്തം വാര്‍ന്നനിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇരുവരുടെയും മുഖത്ത് ആയുധമുപയോഗിച്ചുള്ള മുറിവുകളുണ്ട്. രാവിലെ വീട്ടുജോലിക്കാരിയെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് മുറികളിലായിട്ടാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊലപാതകങ്ങള്‍ എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ല. വീട്ടില്‍ സെക്യൂരിറ്റി ഉണ്ടായിരുന്നു. ഇയാള്‍ മലയാളിയല്ല. വര്‍ഷങ്ങളായി ദമ്പതികളുടെ കൂടെയുണ്ടായിരുന്നയാളാണ്. ഇവിടെ നിന്ന് മോഷണം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസ് കൊടുത്തിരുന്നു. അയാള്‍ പ്രതികാരം തീര്‍ത്തതാണോയെന്ന സംശയം നാട്ടുകാരില്‍ ചിലര്‍ ഉന്നയിക്കുന്നുണ്ട്. കോട്ടയത്തെ പ്രമുഖ വ്യവസായി കൂടിയാണ് വിജയകുമാര്‍. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയാണ്. മോഷണ ശ്രമമോ മറ്റോ നടന്നിട്ടുണ്ടോയെന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
ദമ്പതികള്‍ക്ക് രണ്ട് മക്കളാണ്. മകന്‍ നേരത്തെ മരിച്ചു. മകള്‍ വിദേശത്താണെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. ഇരുനില വീട്ടില്‍ വിജയകുമാറും മീരയും മാത്രമാണ് താമസിച്ചുവരുന്നത്. വിദേശത്ത് ആയിരുന്ന വിജയകുമാര്‍ വിരമിച്ച ശേഷം നാട്ടില്‍ ഭാര്യക്കൊപ്പം കഴിയുകയായിരുന്നു. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹം കണ്ടെത്തിയത്.