നാല് ദശകക്കാലത്തോളം കാത്തുസൂക്ഷിച്ച സൗഹൃദം, ഒടുവില്‍ കൂട്ടത്തിലൊരാള്‍ മടങ്ങിയപ്പോള്‍ ഹൃദയം തകര്‍ന്ന് അരികില്‍ പ്രാര്‍ത്ഥനയോടെ നില്‍ക്കേണ്ടി വരിക. കണ്ട് നില്‍ക്കുന്നവരുടെ പോലും കണ്ണ് നനയിച്ച കാഴ്ചകളാണ് പോപ്പ് ഫ്രാന്‍സിസിന്റെ പൊതുദര്‍ശനത്തില്‍ നിന്നും പുറത്തുവരുന്നത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പ്രായമായ ഒരു കന്യാസ്ത്രീക്കാണ് ഈ സൗഹൃദത്തിന്റെ ഓര്‍മ്മയില്‍ മുഴുകാനായി പ്രോട്ടോക്കോള്‍ പോലും ലംഘിക്കാന്‍ അനുമതി ലഭിച്ചത്.
ഫ്രഞ്ച് -അര്‍ജന്റീനിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ ജെനെവിവ് ജിയാനിന്‍ഗ്രോസാണ് കാലം ചെയ്ത പോപ്പിന്റെ ശവമഞ്ചത്തിന് അരികിലായി നിന്ന് പ്രാര്‍ത്ഥിച്ചത്. കര്‍ദിനാള്‍, ബിഷപ്പ്, മറ്റ് പുരോഹിതര്‍ എന്നിവര്‍ക്ക് മാത്രം പ്രവേശനമുള്ള മേഖലയിലാണ് 81-കാരിക്ക് നില്‍ക്കാനും, അടുത്ത സൗഹൃദം പങ്കുവെച്ചതിന്റെ സ്മരണയില്‍ ദുഃഖം പ്രകടിപ്പിക്കാനും അവസരം നല്‍കിയത്.
ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ ശവമഞ്ചത്തിന് അരികിലെത്തിയ സിസ്റ്റര്‍ ജിയാനിന്‍ഗ്രോസിനെ, അവിടെ നിന്നും മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. മോശം കുട്ടിയെന്ന അര്‍ത്ഥത്തില്‍ 'എല്‍'എന്‍ഫെന്റ് ടെറിബിള്‍' എന്നായിരുന്നു പോപ്പ് ഫ്രാന്‍സിസ് ഈ കന്യാസ്ത്രീയെ സ്‌നേഹത്തോടെ അഭിസംബോധന ചെയ്തിരുന്നത്. തുറന്നുവെച്ച ശവമഞ്ചത്തിന് അരികില്‍ അവര്‍ നിശബ്ദമായി നില്‍ക്കുന്നത് ചുറ്റും കൂടിയവരുടെയും ഹൃദയത്തില്‍ വിങ്ങലായി.
കുറച്ച് സമയത്തിന് ശേഷം പൊട്ടിക്കരഞ്ഞതോടെ സിസ്റ്റര്‍ കൈകള്‍ കൊണ്ട് മുഖം പൊതിഞ്ഞുപിടിച്ചു. കൈയിലുണ്ടായിരുന്ന വൈപ്പ് ഉപയോഗിച്ച് കണ്ണുതുടച്ച ശേഷം ഇവര്‍ അവിടെ പ്രാര്‍ത്ഥനാപൂര്‍വ്വം തുടര്‍ന്നു. പ്രോട്ടോക്കോള്‍ ലംഘനമായി കണക്കാക്കാവുന്ന പ്രവൃത്തിക്കിടയിലും പോപ്പിന്റെ ഏറ്റവും അടുത്ത സുഹൃത്തിന് അന്തിമയാത്ര ചൊല്ലാന്‍ അവസരം നല്‍കാനായി ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഇതില്‍ ഇടപെട്ടില്ലെന്നതും ശ്രദ്ധേയമാണ്.