എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ എ&ഇകളില്‍ ചികിത്സ തേടിയാല്‍ ഭ്രാന്തില്ലാത്തവര്‍ക്കും ഭ്രാന്ത് പിടിക്കുന്നതാണ് അവസ്ഥ. അങ്ങനെയുള്ളപ്പോള്‍ യഥാര്‍ത്ഥത്തില്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ എ&ഇയില്‍ 12 മണിക്കൂറും, അതിലേറെയും ചികിത്സയ്ക്കായി കാത്തിരിക്കുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇത് എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് മേല്‍ ചുമത്തുന്ന സമ്മര്‍ദവും ചെറുതല്ല.
ആ അവസരത്തിലാണ് ഇംഗ്ലണ്ടില്‍ പ്രതിസന്ധിയിലായ രോഗികളെ ചികിത്സിക്കാനായി മെന്റല്‍ ഹെല്‍ത്ത് എ&ഇകള്‍ ആരംഭിക്കാനായി എന്‍എച്ച്എസ് പദ്ധതിയിടുന്നത്. ഇപ്പോള്‍ തന്നെ തിരക്കും, സമ്മര്‍ദവും നേരിടുന്ന ആശുപത്രികള്‍ക്കും, എമര്‍ജന്‍സി സര്‍വ്വീസുകള്‍ക്കും ആശ്വാസം നല്‍കാനാണ് ഈ സ്‌പെഷ്യലിസ്റ്റ് യൂണിറ്റുകള്‍ സഹായിക്കുക.
കഴിഞ്ഞ വര്‍ഷം മാനസിക ആരോഗ്യ പ്രതിസന്ധി നേരിട്ട് ഏകദേശം 250,000 പേരാണ് എ&ഇകളില്‍ എത്തിയത്. ഇതില്‍ കാല്‍ശതമാനം പേര്‍ക്ക് 12 മണിക്കൂറും, അതിലേറെയും കാത്തിരിപ്പും വേണ്ടിവന്നു. പ്രധാന ആശുപത്രികളിലെ ഇടനാഴി ചികിത്സയും, സുദീര്‍ഘമായ കാത്തിരിപ്പും ആയിരക്കണക്കിന് അനാവശ്യ മരണങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നാണ് കരുതുന്നത്.
പുതിയ മെന്റല്‍ ഹെല്‍ത്ത് എ&ഇകളില്‍ ഡോക്ടര്‍മാരും, നഴ്‌സുമാരും ആത്മഹത്യാ പ്രവണതയും, സൈക്കോസിസും, മാനിയയും പോലുള്ള അവസ്ഥകളും നേരിടുന്ന രോഗികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും. ഈ സ്ഥലത്തേക്ക് രോഗികള്‍ക്ക് നേരിട്ടെത്താന്‍ കഴിയും. കൂടാതെ ജിപിയോ, പോലീസോ റഫര്‍ ചെയ്തും എത്താം.
തിരക്കേറിയ ട്രോമാ സെന്ററുകളില്‍ നിന്നും വ്യത്യസ്തമായി സമാധാനപൂര്‍ണ്ണമായ അന്തരീക്ഷമാണ് എ&ഇകള്‍ തയ്യാറാക്കുന്നത്. പഴങ്ങളും, ബിസ്‌കറ്റും, ചായയും, കാപ്പിയും ഉള്‍പ്പെടെ റിഫ്രഷ്‌മെന്റുകളും ഇവിടെ വരുന്നവര്‍ക്ക് നല്‍കും. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത് മൂലം യുകെ പബ്ലിക് സര്‍വ്വീസുകള്‍ പ്രതിസന്ധി നേരിടുമ്പോഴാണ് ഈ മാറ്റം.