യുകെയിലെ ഭവനവിപണിയില്‍ വീടുകള്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ ചോദിക്കുന്ന വിലയേക്കാള്‍ 16,000 പൗണ്ട് വരെ താഴ്ത്തിയാണ് യഥാര്‍ത്ഥ വില്‍പ്പന നടക്കുന്നതെന്ന് കണക്കുകള്‍. ഭവന വില്‍പ്പനയിലെ തിരക്കേറിയ മാസത്തില്‍ ശരാശരി ചോദിക്കുന്ന വിലയേക്കാള്‍ വില കുറയ്ക്കാന്‍ ഭവനഉടമകള്‍ സമ്മതിക്കുന്നതായി മുന്‍നിര പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
മഹാമാരിക്ക് ശേഷം വില്‍പ്പന ഉയരുന്ന തിരക്കേറിയ മാസത്തിലാണ് ഈ പ്രതിഭാസം. കഴിഞ്ഞ വര്‍ഷം മേയ് മാസം അപേക്ഷിച്ച് വില്‍പ്പന ഈ മാസം 6 ശതമാനമാണ് ഉയര്‍ന്നതെന്ന് സൂപ്ല കണ്ടെത്തി. 13% അധികം വീടുകള്‍ വിപണിയില്‍ എത്തുകയും ചെയ്തു. ഇതോടെ വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കുകയും, ഇടപാടുകള്‍ വര്‍ദ്ധിക്കുകയും ചെയ്തു.
നാല് വര്‍ഷത്തിനിടെ ഉയര്‍ന്ന തോതില്‍ വില്‍പ്പന നടക്കാന്‍ ഇടയാക്കിയ മറ്റൊരു ഘടകം താഴുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളാണ്. അഫോര്‍ഡബിലിറ്റി പരിശോധിക്കുന്ന രീതിയില്‍ ലെന്‍ഡര്‍മാര്‍ വരുത്തിയ മാറ്റങ്ങളും ഗുണമായി. ഇതോടെ ചിലര്‍ക്ക് 20 ശതമാനം വരെ കൂടുതല്‍ കടമെടുക്കാന്‍ സാധിക്കുന്നുണ്ട്.
യുകെയിലെ ശരാശരി ഭവനവില ഇപ്പോള്‍ 268,250 പൗണ്ടാണ്. ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 1.6% കൂടുതലാണിത്. 12 മാസത്തിനിടെ 4330 പൗണ്ടിന്റെ വര്‍ദ്ധനയാണിതെന്ന് സൂപ്ലയുടെ ഹൗസ് പ്രൈസ് ഇന്‍ഡക്‌സ് പറയുന്നു.
ഈ തിരിച്ചുവരവിലും ഏപ്രില്‍ മാസത്തിലെ സ്റ്റാമ്പ് ഡ്യൂട്ടി ബ്രേക്ക് അവസാനിച്ചത് മൂലം ശരാശരി ഭവനങ്ങള്‍ ചോദിക്കുന്നതിലും 4.5% കുറവിലാണ് വില്‍പ്പന നടത്തുന്നത്. ഇപ്പോഴത്തെ ശരാശരി ചോദിക്കുന്ന വില 367,000 പൗണ്ടാണ്. ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ് മേഖലയിലാണ് ശക്തമായ വാര്‍ഷിക വില വര്‍ദ്ധന രേഖപ്പെടുത്തുന്നത്. മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളിലാണ് മൂല്യം ഉയരുന്നത്. സൗത്ത് ഇംഗ്ലണ്ടില്‍ വില ഉയരുന്നതിന്റെ വേഗത കുറവാണ്. ഇവിടങ്ങളില്‍ വില്‍ക്കാനുള്ള വീടുകളുടെ എണ്ണവും കൂടുതലാണ്.