എന്‍എച്ച്എസ് ശമ്പളവര്‍ദ്ധനവിന്റെ പേരില്‍ അഗ്നിപരീക്ഷ നേരിട്ട് ലേബര്‍ ഗവണ്‍മെന്റ്. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന് എതിരെ ജനവികാരം തിരിച്ചുവിടാന്‍ യൂണിയനുകളുടെ സമരങ്ങളെ ഉപയോഗിച്ച് അധികാരത്തിലെത്തിയ ശേഷം ഇവരെ തൃപ്തിപ്പെടുത്താന്‍ വമ്പന്‍ ശമ്പളവര്‍ദ്ധന നല്‍കിയ ലേബറിന് ഇക്കുറി അത് സാധിക്കുമോയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
കഴിഞ്ഞ വര്‍ഷം മറ്റ് യൂണിയനുകള്‍ സാമ്പത്തിക ഞെരുക്കം മനസ്സിലാക്കി സമരം അവസാനിപ്പിച്ചപ്പോഴും ലേബര്‍ അനുകൂലമായി തെരഞ്ഞെടുപ്പ് ദിവസം പോലും സമരം ചെയ്തവരാണ് റസിഡന്റ് ഡോക്ടര്‍മാര്‍. മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്ന് വിളിച്ചിരുന്ന ഇവര്‍ക്ക് പുതിയ ശമ്പള വര്‍ദ്ധന ഓഫറില്‍ തൃപ്തിയില്ല. അതുകൊണ്ട് തന്നെ ഇവര്‍ സമരത്തിന് അനുകൂലമായി അംഗങ്ങള്‍ക്കിടയില്‍ നിന്നും പിന്തുണ ആര്‍ജ്ജിക്കാനായി ബാലറ്റിംഗ് നടത്തുകയാണ്.
ആറ് മാസമെങ്കിലും സമരം നടത്താന്‍ അനുകൂലമായ പിന്തുണ വേണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. നഴ്‌സുമാരും, അധ്യാപകരും, മറ്റ് പബ്ലിക് സെക്ടര്‍ ജീവനക്കാരും സമരപാതയില്‍ വരുമെന്ന ആശങ്കയും ഇതോടെ ശക്തമായി.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ 28.9 ശതമാനം ശമ്പള കുതിപ്പ് ലഭിച്ച ശേഷമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പിണക്കം തുടരുന്നത്. 2022 മുതല്‍ 11 തവണയാണ് ഇവര്‍ സമരം നടത്തിയത്. കൊവിഡ് മഹാമാരിക്ക് ശേഷം കുതിച്ചുയര്‍ന്ന കാത്തിരിപ്പ് പട്ടിക കൂടുതല്‍ വഷളാക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സുപ്രധാന സംഭാവനയാണ് നല്‍കിയത്. 1.5 മില്ല്യ അപ്പോയിന്റ്‌മെന്റുകള്‍ ഇതിന്റെ ഭാഗമായി റദ്ദാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രത്യുപകാരമായി 22.3 ശതമാനം ശമ്പളവര്‍ദ്ധ ഓഫര്‍ ചെയ്ത ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് ഇത് ആവര്‍ത്തിക്കുമെന്ന് അപ്പോള്‍ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇപ്പോള്‍ കേവലം 4 ശതമാനം വര്‍ദ്ധന ഓഫര്‍ നല്‍കിയ നടപടിയാണ് ഇവര്‍ തള്ളിയത്.