ആറ് വയസ്സുള്ള മകള്‍ മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ പിതാവിനെയും, അമ്മയെയും ബലം പ്രയോഗിച്ച് അത്യാഹിത വിഭാഗത്തില്‍ നിന്നും പുറത്താക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് നമുക്ക് തോന്നിയേക്കാം. എന്നാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫാക്കുന്ന നിമിഷത്തില്‍ മകളുടെ അരികില്‍ നിന്നും എന്‍എച്ച്എസ് ഡോക്ടര്‍ കൂടിയായ പിതാവിനെയും, അമ്മയെയുമാണ് പോലീസ് വലിച്ചിഴച്ച് പുറത്താക്കിയത്.
സംഭവത്തില്‍ പോലീസിനെതിരെ കേസുമായി പോയ ഡോ. റാഷിദ് അബ്ബാസിയുടെ വാദം കോടതി തള്ളിക്കളഞ്ഞു. ആറ് വയസ്സുകാരി സെയ്‌നബിന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫാക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു പോലീസ് നടപടി. പോലീസ് ബോഡി ക്യാമറയില്‍ കുട്ടികളുടെ ഇന്റന്‍സീവ് കെയറില്‍ നിന്നും കഴുത്തിന് പിടിച്ച് ഡോ. അബ്ബാസിയെ പുറത്താക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മുന്‍ ഡോക്ടര്‍ കൂടിയായ അബ്ബാസിയുടെ ഭാര്യ ആലിയയെയും സാമനാമയ രീതിയില്‍ പിന്നില്‍ നിന്നും ബലം പ്രയോഗിച്ച് പുറത്താക്കുകയും, ഇവര്‍ നിലത്ത് വീഴുകയും ചെയ്തു. തെറ്റായ അറസ്റ്റ്, തടങ്കല്‍, അതിക്രമം എന്നിവയുടെ പേരിലാണ് നോര്‍ത്തംബ്രിയ പോലീസിനെതിരെ 64-കാരനായ ഡോ. അബ്ബാസി കേസ് നല്‍കിയത്. എന്നാല്‍ വാര്‍ഡില്‍ അബ്ബാസി ഒരു 'ശല്യമായി' മാറിയെന്നാണ് കേസ് തള്ളിക്കൊണ്ട് ജഡ്ജ് വിധിച്ചത്.
സമാധാനം നഷ്ടപ്പെടുത്തുമെന്ന് പോലീസിന് തോന്നാന്‍ പല കാരണങ്ങളുണ്ടെന്ന് ജഡ്ജ് ചൂണ്ടിക്കാണിച്ചു. ഡോ. അബ്ബാസിയുടെ അവകാശങ്ങള്‍ ഒരുവിധത്തിലും ഹനിച്ചിട്ടില്ലെന്നും വിധിയില്‍ പറഞ്ഞു. എന്നാല്‍ തനിക്കെതിരായ പരാമര്‍ശങ്ങള്‍ തള്ളിയ ഇദ്ദേഹം അപ്പീല്‍ പോകാന്‍ കഴിയുമോയെന്ന് പരിശോധിക്കുകയാണ്.