കുടുംബത്തിലെ കാര്യങ്ങള്‍ കുടുംബത്തില്‍ തീര്‍ക്കണം. അത് പുറത്തുപറഞ്ഞാല്‍ പോട്ടെന്ന് വെയ്ക്കുന്ന സാധാരണ കുടുംബങ്ങളുടെ കഥയല്ല ഇപ്പറയുന്നത്, സാക്ഷാല്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റേതാണ്. കുടുംബത്തിലെ വിഷയങ്ങള്‍ പുറത്തറിയിച്ചവരെയൊന്നും വെച്ചുവാഴിച്ച ചരിത്രം ബ്രിട്ടീഷ് രാജകുടുംബത്തിന് തീരെയില്ല. രാജവാഴ്ചയുടെ പിന്നാമ്പുറത്ത് നിന്നും യുഎസില്‍ കുടുംബജീവിതം തേടിപ്പോയ ഇളയപുത്രന്‍ ഹാരി രാജകുമാരന്‍ ഇതെല്ലാം മറന്നുവെന്നാണ് തോന്നുന്നത്.
പിതാവുമായുള്ള ബന്ധം എത്രത്തോളം വഷളായെന്ന് വ്യക്തമാക്കി കൊണ്ട് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വിവരങ്ങള്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രോഷത്തിന് ഇടയാക്കുന്നത്. പിതാവ് തന്നോട് സംസാരിക്കുന്നില്ലെന്നതിന് പുറമെ അദ്ദേഹത്തിന് എത്ര സമയം ബാക്കിയുണ്ടെന്ന് പോലും അറിയില്ലെന്നാണ് സസെക്‌സ് ഡ്യൂക്കായ ഹാരി വെളിപ്പെടുത്തിയത്.
ഇതിന് പുറമെ ഇനിയൊരിക്കലും ഭാര്യയെയും, മക്കളെയും യുകെയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹാരി വ്യക്തമാക്കി. കുടുംബവുമായി നിരവധി വിഷയങ്ങലില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും, താനൊരു പുസ്തകം എഴുതിയത് പലര്‍ക്കും മാപ്പ് നല്‍കാന്‍ കഴിയാത്ത കുറ്റമാണെന്നും ഹാരി പറയുന്നു.
സുരക്ഷ ഉപയോഗിച്ച് രാജകുടുംബത്തിലെ അംഗങ്ങളെ പുറം ലോകവുമായി ബന്ധപ്പെടുന്നത് ഒഴിവാക്കി, തടവിലിടുകയാണ് ചെയ്യുന്നതെന്ന് ഡ്യൂക്ക് ആരോപിച്ചു. 'എന്റെ മക്കളെ സ്വന്തം നാട് കാണിക്കാന്‍ കഴിയില്ലെന്നത് ഏറെ ദുഃഖകരമാണ്', അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുകെയില്‍ സുരക്ഷ ലഭിക്കാനായി നടത്തിയ നിയമപോരാട്ടം അപ്പീല്‍ കോടതിയും തള്ളിയിരുന്നു.
അതേസമയം കുടുംബവുമായി വീണ്ടും രമ്യതയിലെത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഹാരി രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ പുസ്തകം എഴുതിയതിനാല്‍ ചിലര്‍ക്ക് പൊറുക്കാന്‍ കഴിയില്ല. എന്നിരുന്നാലും കുടുംബവുമായി രമ്യതയിലെത്താന്‍ ആഗ്രഹമുണ്ട്. പിതാവിന് എത്ര കാലം ബാക്കിയെന്ന് അറിയില്ല. എന്നാല്‍ സുരക്ഷയുടെ പേരില്‍ അദ്ദേഹം എന്നോട് സംസാരിക്കില്ല', രാജകുമാരന്‍ പറഞ്ഞു.