എന്‍എച്ച്എസ് മരണത്തെ അഭിമുഖീകരിക്കുന്നവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിന് പകരം മരണത്തിലേക്ക് തള്ളിവിടുന്ന ഡ്യൂട്ടി ഏറ്റെടുത്താല്‍ നികുതിദായകന് കിട്ടുന്ന മില്ല്യണ്‍ കണക്കിന് പൗണ്ടിന്റെ ലാഭമെന്ന് കണക്കുകള്‍. ബ്രിട്ടനില്‍ ദയാവധ നിയമങ്ങള്‍ ഇഴകീറി പരിശോധിച്ച് കൊണ്ടിരിക്കവെയാണ് എന്‍എച്ച്എസിന് ആദ്യ വര്‍ഷം തന്നെ നിയമത്തിന്റെ ബലത്തില്‍ 10 മില്ല്യണ്‍ പൗണ്ട് ലാഭം കിട്ടുമെന്ന് ഗവണ്‍മെന്റ് കണക്കെടുപ്പ് നടത്തിയിരിക്കുന്നത്.
ബില്‍ നിയമായി മാറ്റാന്‍ സാധിച്ചാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക ലാഭം 60 മില്ല്യണിലേക്ക് ഉയരുമെന്നും ഔദ്യോഗിക പ്രത്യാഘാത പഠനം പറയുന്നു. ഒരു ദശകത്തോളം ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ നിന്നാല്‍ വര്‍ഷത്തില്‍ 4500-ലേറെ രോഗികള്‍ ദയാവധം തെരഞ്ഞെടുക്കുമെന്നും കരുതുന്നു. അതായത് പ്രതിദിനം 12 രോഗികള്‍ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുമെന്നാണ് കണക്കാക്കുന്നത്.
രോഗി മരിക്കുന്നതിനാല്‍ ഒഴിവാകുന്ന 'ഉപയോഗിക്കാത്ത ഹെല്‍ത്ത്‌കെയര്‍' എന്ന തലക്കെട്ട് നല്‍കിയാണ് ഗവണ്‍മെന്റ് ഈ ലാഭം കണക്കാക്കുന്നത്. ഏറെ വിവാദമായി നിലകൊള്ളുന്ന നിയമനിര്‍മ്മാണം സംബന്ധിച്ച് ആദ്യമായാണ് ഗവണ്‍മെന്റ് മനുഷ്യജീവന് വിലയിട്ടിരിക്കുന്നത്. എന്‍എച്ച്എസിന്റെ ചെലവ് കുറയുന്നതിന് പുറമെ കെയര്‍ ഹോം ചാര്‍ജ്ജുകള്‍, ലോക്കല്‍ അതോറിറ്റി കെയര്‍ വര്‍ക്കര്‍ എന്നിങ്ങനെ വിവിധ ഇനങ്ങളില്‍ മില്ല്യണ്‍ കണക്കിന് പൗണ്ട് ലാഭം വരുമെന്നും കണക്കാക്കുന്നു.
പെന്‍ഷന്‍, ബെനഫിറ്റ് ഇനത്തിലും ഗവണ്‍മെന്റിന് രോഗിയുടെ മരണം ലാഭം നല്‍കുന്നുണ്ട്. അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമായാല്‍ ആദ്യ വര്‍ഷം പെന്‍ഷന്‍ നല്‍കുന്നതില്‍ 2.17 മില്ല്യണ്‍ പൗണ്ട് ലാഭം കിട്ടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. പത്ത് വര്‍ഷമാകുമ്പോള്‍ ഇത് 18.3 മില്ല്യണ്‍ പൗണ്ടിലേക്കും ഉയരും. ബില്‍ സഭയില്‍ ആദ്യ ഘട്ടം കടന്നെങ്കിലും ചില നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് എംപിമാരുടെ പിന്തുണ കുറയാന്‍ ഇടയാക്കുന്നുണ്ട്.