CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 51 Minutes 7 Seconds Ago
Breaking Now

ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ അടിത്തട്ട് പൊളിച്ചടുക്കി റിഫോം യുകെ; രാജ്യത്തെ സുപ്രധാന അതോറിറ്റികള്‍ നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് ആധിപത്യം; ഞെട്ടലില്‍ ലേബര്‍, പ്രതിരോധം അപ്പാടെ നഷ്ടപ്പെട്ട് ടോറികളും; രണ്ട് പാര്‍ട്ടികളുടെ രാഷ്ട്രീയക്കളിക്ക് അന്ത്യം?

ഫലങ്ങള്‍ നിരാശാജനകമാണെന്ന് കീര്‍ സ്റ്റാര്‍മര്‍

ബ്രിട്ടനില്‍ പ്രധാനമായി രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടമാണ് അരങ്ങേറുന്നത്. ഒന്നുകില്‍ ലേബര്‍, അല്ലെങ്കില്‍ കണ്‍സര്‍വേറ്റീവുകള്‍. ഇവര്‍ക്ക് അപ്പുറത്തേക്ക് ജനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ വളരെ ചെറുതാണ്. എന്നാല്‍ അത്തരമൊരു മൂന്നാമത്തെ ഓപ്ഷന്‍ വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് നല്‍കിക്കൊണ്ട് റിഫോം യുകെ സൃഷ്ടിച്ച മുന്നേറ്റത്തിന്റെ ഞെട്ടലിലാണ് ബ്രിട്ടനിലെ പാരമ്പര്യ പാര്‍ട്ടികള്‍. 

രാജ്യത്തെ ഏതാനും സുപ്രധാനമായ കൗണ്‍സിലുകളുടെ നിയന്ത്രണം പിടിച്ചെടുത്ത റിഫോം റണ്‍കോണ്‍ & ഹെല്‍സ്ബിയിലെ ഉപതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് തോല്‍വിയുടെ നാണക്കേടും സമ്മാനിച്ചു. തന്റെ പാര്‍ട്ടിയുടെ പ്രകടനത്തെ 'റിഫോം ഭൂകമ്പമെന്ന്' വിശേഷിപ്പിച്ച ഫരാഗ്, ഇത് രണ്ട് പാര്‍ട്ടികളുടെ രാഷ്ട്രീയത്തിന്റെ അന്ത്യസൂചനയാണെന്നും അവകാശപ്പെട്ടു. 

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒടുക്കത്തിന്റെ തുടക്കമാണ് ഇതെന്നും ഫരാഗ് പറഞ്ഞു. കേവലം അഞ്ച് എംപിമാരുള്ള തങ്ങളാണ് പ്രധാന പ്രതിപക്ഷമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ഏകദേശം 650 ലോക്കല്‍ കൗണ്‍സില്‍ സീറ്റുകളിലാണ് റിഫോം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് കയറിയത്. അത്രയും സീറ്റുകളാണ് കണ്‍സര്‍വേറ്റീവുകള്‍ക്ക് നഷ്ടമായത്. ലേബറിന് ഏതാണ്ട് 200 സീറ്റോളം നഷ്ടമായി. 

കെന്റ് പോലുള്ള ടോറി അനുകൂല മേഖലയില്‍ പോലും ടോറികള്‍ക്ക് കൗണ്‍സിലുകളുടെ നിയന്ത്രണം കൈവിട്ടു. ഒരു നൂറ്റാണ്ടിലേറെയായി അധികാരത്തിലുള്ള ഡുര്‍ഹാമില്‍ ലേബറിനെ റിഫോം തുടച്ചുനീക്കി. 98 സീറ്റില്‍ നാലെണ്ണത്തില്‍ മാത്രമാണ് ലേബറിന് ഇവിടെ വിജയിക്കാന്‍ കഴിഞ്ഞത്. 

ബ്രിട്ടനിലെ ഏറ്റവും വലിയ അതോറിറ്റികളില്‍ ചിലതിന്റെ തലപ്പത്തേക്കാണ് റിഫോം ഇതോടെ വന്നെത്തുന്നത്. ഫലങ്ങള്‍ നിരാശാജനകമാണെന്ന് കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. എന്നിരുന്നാലും വോട്ടര്‍മാരുടെ പ്രഖ്യാപനം തനിക്ക് മനസ്സിലായെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി മാറ്റങ്ങള്‍ വേഗത്തിലാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ടോറി കൗണ്‍സിലര്‍മാര്‍ക്ക് സീറ്റ് നഷ്ടമായതില്‍ കെമി ബാഡെനോക് ഖേതം പ്രകടിപ്പിച്ചു. വിശ്വാസം കെട്ടിപ്പടുക്കാനുള്ള വലിയ ദൗത്യമാണ് ഇനി മുന്നിലുള്ളതെന്ന് ടോറി നേതാവ് സമ്മതിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.