പോപ്പ് ആകാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചതിന് പിന്നാലെ പോപ്പിന്റെ വേഷമണിഞ്ഞ എഐ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിപ്രായവുമായി എത്തുന്നത്. ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. തനിക്ക് വോട്ട് ചെയ്തതോര്‍ത്ത് പശ്ചാത്തപിക്കുന്നു എന്നതുള്‍പ്പെടെ കമന്റുകളുണ്ട്.
പോസ്റ്റ് തമാശയായിരിക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മാര്‍പ്പാപ്പയെ പരിഹസിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ആരെയാണ് ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് പോപ്പ് ആകാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് നല്‍കിയ മറുപടി. അങ്ങനെയൊരു അവസരം ലഭിച്ചാല്‍ പോപ്പ് ആകുന്നതിനാകും തന്റെ പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞിരുന്നു.
പുതിയ പോപ്പ് ആരാകണം എന്നത് സംബന്ധിച്ച് തനിക്ക് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നും അത് ന്യൂയോര്‍ക്കില്‍ നിന്നുളള ആളായാല്‍ വലിയ സന്തോഷമുണ്ടാകുമെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് പറഞ്ഞിരുന്നു.