കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നറിയിപ്പ് നല്‍കി യുകെയിലെ പാകിസ്ഥാന്‍ ഹൈക്കമീഷണര്‍ മുഹമ്മദ് ഫൈസല്‍. കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടാതിരിക്കുന്നത് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കശ്മീരി ജനതയുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ ഇന്ത്യ തുടര്‍ന്നും നിഷേധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരി ജനതയ്ക്കൊപ്പമാണ് പാകിസ്ഥാന്‍ ഉറച്ചുനില്‍ക്കുന്നതെന്നും മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി. ഈ പ്രശ്നം പരിഹരിക്കപ്പെടാതിരുന്നാല്‍ പഹല്‍ഗാമിനെ പിന്തുടര്‍ന്ന് കൂടുതല്‍ സംഭവങ്ങള്‍ ഉണ്ടായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദി ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന പാകിസ്ഥാന്റെ ആവശ്യവും മുഹമ്മദ് ഫൈസല്‍ ആവര്‍ത്തിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കര്‍ ഇ-തൊയ്ബയുടെ പ്രതിനിധി സംഘടനയായ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
'ഞങ്ങള്‍ ആസൂത്രണം ചെയ്യാത്ത കാര്യത്തിന് ഞങ്ങളെ കുറ്റപ്പെടുത്തുകയാണ്. ഇന്ത്യ അന്വേഷണത്തിന് സമ്മതിക്കണം. സത്യം വ്യക്തമായും പുറത്തുവരും', പാകിസ്ഥാന്‍ പ്രതിനിധി ബിബിസിയോട് പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ സംഭാഷണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ സമിതി ഉള്‍പ്പെടെയുള്ള നിരവധി വേദികളില്‍ പാകിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ അപലപിച്ചിട്ടുണ്ടെന്നായിരുന്നു ഫൈസലിന്റെ മറുപടി. പഹല്‍ഗാം ആക്രമണത്തെ അപലപിക്കാന്‍ ഷെഹ്ബാസ് ഷെരീഫുമായുള്ള സംഭാഷണത്തില്‍ റൂബിയോ ആവശ്യപ്പെട്ടിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെ നിരവധി പ്രതിരോധ നടപടികള്‍ ഇന്ത്യ കൈകൊണ്ടിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ശക്തികൂട്ടികൊണ്ട് ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ വ്യോമാതിര്‍ത്തികളില്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.