കേംബ്രിഡ്ജ്: കേംബ്രിഡ്ജ് സ്വദേശിനിയായ സാന്ദ്ര ജെന്‍സണ്‍ ബ്രിട്ടനില്‍ പുതലമുറയിലെ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യല്‍ പൈലറ്റായി അഭിമാനമാവുന്നു. 21-ാം വയസ്സില്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ സാന്ദ്ര 23 ലേക്ക്
എത്തുമ്പോഴേക്കും A320 യില്‍ ഉള്‍പ്പെടെ മുപ്പത്താനിയരത്തില്‍പ്പരം നോട്ടിക്കല്‍ മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളും പറന്ന് അതുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള 'ജസീറ എയര്‍വേസില്‍' പൈലറ്റായി സേവനം അനുഷ്ഠിക്കുന്ന സാന്ദ്ര ജെന്‍സണ്‍ എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയാണ്. രണ്ടാം വയസ്സില്‍ യു കെ യിലെക്കു മാതാപിതാക്കളുടെ കരംപിടിച്ചു വന്ന ഈ 'കൊച്ചു പൈലറ്റ്' ഇന്ന് അനേകം വിലപ്പെട്ട ജീവനുകള്‍ സുരക്ഷിതമായി അവരുടെ ഉദ്ദേശ ലക്ഷ്യത്തില്‍ കൊണ്ടെത്തിക്കുവാന്‍ തന്റെ കരങ്ങള്‍ക്ക് കഴിയുമ്പോള്‍ വലിയ ചാരിതാര്‍ത്ഥ്യം പകരുന്ന അനുഭവം കൂടിയാണ് ഈ പ്രൊഫഷന്‍ സാന്ദ്രക്ക് നല്‍കുന്നത്.
തന്റെ 'എ'ലെവല്‍ പഠന കാലത്ത് വര്‍ക്ക് എക്‌സ്പീരിയന്‍സ് നേടുന്നതിന് വ്യത്യസ്ത മേഖല എന്ന നിലയില്‍ തെരഞ്ഞെടുത്ത 'എയര്‍ ട്രാഫിക് കണ്‍ട്രോളര്‍' എന്ന ഹൃസ്യ പരിശീലനത്തിന് ഒടുവിലാണ് ആകാശ പറക്കല്‍ എന്ന സ്വപ്നം ചിന്താധാരയില്‍ മൊട്ടിട്ടതെന്ന് സാന്ദ്ര പറയുന്നു. പൈലറ്റ് എന്ന സ്വപ്നം പൊടുന്നനെയാണ് മനസ്സില്‍ ഉദിച്ചതെങ്കിലും, തന്റെ നാട്ടിലേക്കും മറ്റുമുള്ള ആകാശ യാത്രകളില്‍ നിന്നു ലഭിച്ചിട്ടുള്ള അനുഭൂതികളും എയര്‍ക്രാഫ്റ്റ് സ്റ്റാഫുകളുടെ യൂണിഫോമും, ചിന്തകളും അവളുടെ സ്വപ്നങ്ങള്‍ ഉയരങ്ങളില്‍ എത്തിക്കാന്‍ പില്‍ക്കാലത്തു സഹായിച്ചുവത്രേ.
അങ്ങിനെ മനസ്സിലേക്ക് കയറിവന്ന ആകാശത്തോടുള്ള ആവേശം, പിന്നീട് പൈലറ്റാകാനുള്ള അവരുടെ അഭിലാഷത്തിന് ഇന്ധനമായി മാറുകയായിരുന്നു.
പൈലറ്റാവാനുള്ള മോഹം തീക്ഷ്ണമായി വളര്‍ന്നപ്പോള്‍ അത് ഏറെ മാനസ്സിക സമ്മര്‍ദ്ദത്തിലാക്കി.
എന്നാല്‍ മാതാപിതാക്കളുടെ ഭാഗത്തു നിന്നും കിട്ടിയ കട്ട സപ്പോര്‍ട്ടാണ് മോഹത്തിന് ചിറകു വെച്ചതെന്ന് സാന്ദ്ര പറയുന്നു.
തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുവാന്‍ നടത്തിയ നിതാന്തമായ പഠനവും, പരിശീലനവും, അര്‍പ്പണ മനോഭാവത്തോടെയും, ദൃഢ നിശ്ചയത്തോടെയും, കഠിനാധ്വാനത്തിലൂടെയും നടത്തിയ ചുവടുവെപ്പും കുടുംബത്തിന്റെ പ്രോത്സാഹനവും കൊണ്ടാണ് പൈലറ്റെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിച്ചത്. ഓണ്‍ലൈനായി 'ബിഎസ് സി ഇന്‍ പ്രൊഫഷണല്‍ പൈലറ്റ് പ്രാക്ടീസ്' ഡിഗ്രി കോഴ്സിന് സാന്ദ്ര സമാന്തരമായി പഠിക്കുന്നുമുണ്ട്.
ഇതര രാജ്യങ്ങളെപ്പോലെ എഞ്ചിനീയറിംഗ് ബിരുദമോ, സയന്‍സോ, കണക്കോ സമാന വിഷയങ്ങളോ ഐശ്ചികമായി പഠിച്ചുവെന്നതോ മാനദണ്ഡങ്ങള്‍ ആയി ഇവിടെ പരിഗണിക്കാറില്ല എന്നാണ് സാന്ദ്രയുടെ അനുഭവപാഠം. പക്ഷെ പഠിക്കുവാനും, മനസ്സിലാക്കുവാനുമുള്ള കഴിവും ദൃതഗതിയില്‍ ഓര്‍മ്മിച്ചു കൃത്യതയോടെ പ്രവര്‍ത്തിക്കുവാനുള്ള കഴിവും പ്രാപ്തിയുമാണ് പ്രധാനമായി പരിഗണിക്കുക.
വലിയ ഫീസ് ഈടാക്കുന്ന ഒന്നാണ് ഫ്‌ലൈറ്റ് സ്‌കൂള്‍ പഠനമെങ്കിലും രണ്ടു വര്‍ഷം കൊണ്ട് ഒരു മികച്ച പ്രൊഫഷന്‍ സ്വന്തമാക്കാവുന്നതും, യുവജനങ്ങളുടെ സ്വപ്ന പ്രൊഫഷന്‍ ആണിതെന്നതുമാണ് പൈലറ്റ് പഠനം ഏറെ ആകര്‍ഷിക്കപ്പെടുവാന്‍ കാരണമാവുന്നതത്രെ. പതിമൂന്നോളം പരീക്ഷകള്‍ പൈലറ്റ് എന്ന സ്വപ്നത്തിലെ ഹര്‍ഡില്‍സായി നില്‍ക്കുമ്പോള്‍ അവയെ മറികടക്കുവാന്‍ നിശ്ചയദാര്‍ഢ്യവും, ബുദ്ധിശക്തിയും, സമര്‍പ്പണവും, അക്ഷീണമായ കഠിനാധ്വാനവും അനിവാര്യമാണ്.
സാന്ദ്രയുടെ പിതാവ് ജെന്‍സണ്‍ പോള്‍ ചേപ്പാല ഒക്കല്‍ കേംബ്രിഡ്ജില്‍ 'അച്ചായന്‍സ് ചോയ്സ് ' എന്ന പേരില്‍ ഏഷ്യന്‍ ഗ്രോസറി ഉത്പന്നങ്ങളുടെയും, മീറ്റ്- ഫിഷ് എന്നിവയുടെയും വിപുലമായ തോതില്‍ ട്രെഡിംഗ് ബിസിനസ്സ് നടത്തുന്നു. സാന്ദ്രയുടെ മാതാവ് ഷിജി ജെന്‍സണ്‍ അഡന്‍ബ്രൂക്ക്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സീനിയര്‍ നഴ്സായി ജോലി ചെയ്തുവരുന്നു. മൂത്ത സഹോദരി സോണ ജെന്‍സണ്‍ ഗ്യാസ് ഇന്‍ഡസ്ട്രി അനാലിസ്റ്റും, ഇളയ സഹോദരന്‍ ജോസഫ്, കേംബ്രിഡ്ജില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.
കുടുംബത്തിന്റെ ശക്തമായ പിന്തുണ ഏറ്റവും അനിവാര്യമായ ഒരു ഘടകം ആണ് പൈലറ്റ് പഠനമെന്നാണ് സാന്ദ്രയുടെ അഭിപ്രായം. പ്രത്യേകിച്ച് പഠനത്തിന് വലിയ സാമ്പത്തിക ചിലവും, സ്ത്രീയെന്ന നിലയിലും, ഭാവിയിലെ കുടുംബജീവിത കാഴ്ചപ്പാടില്‍ സമൂഹം കാണുന്ന പരിമിതികളും കണക്കാക്കുമ്പോള്‍ മാതാപിതാക്കളുടെ പിന്തുണ ഏറെ അനിവാര്യമാണത്രെ. പക്ഷെ പുതിയ കാലഘട്ടത്തില്‍ മാനുഷിക പരിഗണനയും, അവകാശവും തൊഴിലിടങ്ങളില്‍ വിലമതിക്കുകയും, കുടുംബത്തോടൊപ്പം നിത്യേനതന്നെ ഒത്തു ചേരുവാനുള്ള സാഹചര്യം ലഭ്യവുമാണെന്നാണ് സാന്ദ്ര പറയുന്നത്.
കാഴ്ചക്കാര്‍ക്ക് മേഘങ്ങളിലൂടെ പറന്നുയരുന്ന ഒരു'ഉരുക്ക് തുമ്പി' മാത്രമാവാം വിമാനം. യാത്രക്കാരെ സംബന്ധിച്ചിടത്തോളം ആയിരക്കണക്കിന് ചെറിയ തീരുമാനങ്ങളും ക്രോസ്-ചെക്കുകളും തിരശ്ശീലയ്ക്ക് പിന്നില്‍ നടക്കുന്നതിനെക്കുറിച്ച് അവബോധം ഇല്ലാതെയാവാം യാത്ര. എന്നാല്‍ A320 വിശ്വസ്തതയും, ശക്തിയും കൃത്യതയും സംയോജിപ്പിച്ച ഒരു മനോഹരമായ ഏവിയേഷന്‍ യന്ത്രമാണെന്ന് ഈ കൊച്ചു പൈലറ്റ് പറയുന്നു. ഫ്‌ലൈ-ബൈ-വയര്‍ സിസ്റ്റവും, അവബോധജന്യമായ കോക്ക്പിറ്റ് രൂപകല്‍പ്പനയുമുള്ള A320, സംസാരിക്കാന്‍ കഴിയുന്ന ഒരു സ്പോര്‍ട്സ് കാര്‍ ഓടിക്കുന്ന ത്രില്ലും അനുഭൂതിയും പകരുന്നുവത്രെ.
''പൈലറ്റിന്റെ ജോലി വെറും പറക്കല്‍ മാത്രമല്ല, ഓരോ യാത്രക്കാരനും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ ഉറപ്പ് നല്‍കുന്നതാണ്,'' എന്ന് സാന്ദ്ര അഭിമാനത്തോടെയും ഉത്തരവാദിത്വത്തത്തോടെയും പറയുന്നു. ''ആകാശം പോലെയാണ് ജീവിതം - അതിന് പരിധിയില്ല.ആഗ്രഹവും പരിശ്രമവും ഇശ്ചാശക്തിയുമുണ്ടെങ്കില്‍ ഏതിലും വിജയം ഉറപ്പാണ്'.
സാന്ദ്ര ജെന്‍സന് ക്യാപ്റ്റന്‍ അടക്കം കൂടുതല്‍ ഉന്നത പദവികളിലേക്ക് ഉയര്‍ന്നു പറക്കുവാനാവട്ടെ.
Appachan Kannanch-ira