മുന്‍ നഴ്‌സ് ലൂസി ലെറ്റ്ബിയുടെ കേസ് വീണ്ടും കോര്‍ട്ട് ഓഫ് അപ്പീലിന് മുന്നിലേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍നിര ബാരിസ്റ്റര്‍. ലെറ്റ്ബിയുടെ ശിക്ഷാവിധികള്‍ സുരക്ഷിതമല്ലെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ കാലാവസ്ഥാ പ്രതിഷേധക്കാരെ പ്രോസിക്യൂട്ട് ചെയ്ത ആഡം കിംഗ് രംഗത്ത് വന്നിരിക്കുന്നത്.
ലെറ്റ്ബിക്ക് എതിരായ കേസില്‍ സംശയങ്ങളും, ചോദ്യങ്ങളും ഉന്നയിക്കുന്ന ഏറ്റവും പുതിയ പ്രമുഖനാണ് ഇദ്ദേഹം. ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും, ഏഴ് പേരെ കൊല്ലാന്‍ നോക്കിയ കുറ്റത്തിനും ആജീവനനാന്ത ജീവപര്യന്തങ്ങള്‍ അനുഭവിച്ച് വരികയാണ് നഴ്‌സ്. കഴിഞ്ഞ വര്‍ഷം അപ്പീല്‍ നഷ്ടമായെങ്കിലും, പ്രോസിക്യൂഷന്‍ കേസിനെ ചോദ്യമുനയില്‍ നിര്‍ത്തുന്ന തെളിവുകളുടെ ശേഖരമാണ് പുതിയ ലീഗല്‍ ടീം ഇപ്പോള്‍ പുറത്തുകൊണ്ടുവരുന്നത്.
സംശയകരമായ എല്ലാ സംഭവങ്ങളിലും ഡ്യൂട്ടിയിലുണ്ടായിരുന്നത് ലൂസി ലെറ്റ്ബിയായിരുന്നുവെന്ന വാദങ്ങള്‍ക്ക് പുറമെ പ്രോസിക്യൂഷന്റെ പ്രധാന സാക്ഷി ഡെവി ഇവാന്‍സിന്റെ മൊഴിയും സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. ആരോഗ്യം മോശമായ കുഞ്ഞുങ്ങള്‍ക്ക് ഇന്‍സുലിന്‍ വിഷമായി നല്‍കിയതും, ഞരമ്പുകളില്‍ വായു കുത്തിവെച്ചതും പോലെ നഴ്‌സ് ഉപയോഗിച്ചതായി പറയുന്ന രീതികളില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നു.
അറസ്റ്റിലായ ശേഷം തെറാപ്പി സെഷനുകളില്‍ എഴുതിയ നോട്ടുകളും പ്രോസിക്യൂഷന്‍ തെളിവാക്കി. എന്നാല്‍ നഴ്‌സ് ഇപ്പോഴും കൊലപാതകങ്ങള്‍ നടത്തിയതായി കുറ്റസമ്മതം നടത്തുന്നില്ല. ഈ കേസില്‍ നടന്നത് നീതിരഹിതമായ കാര്യങ്ങളാണെന്ന് ലോകത്തിലെ 14 മുന്‍നിര എക്‌സ്‌പേര്‍ട്ടുകളുടെ നിലപാട് കൂടി രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് ലെറ്റ്ബിയുടെ ബാരിസ്റ്റര്‍ മാര്‍ക്ക് മക്‌ഡൊണാള്‍ഡ് ക്രിമിനല്‍ കേസസ് റിവ്യൂ കമ്മീഷന് കൈമാറിയിട്ടുണ്ട്. മോശം പരിചരണം, മാസം തികയാത്ത അവസ്ഥ, സ്വാഭാവിക കാരണങ്ങള്‍ എന്നിവയാണ് കുഞ്ഞുങ്ങളുടെ മരണകാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.