എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് വിന്റര്‍ സീസണില്‍ നേരിടേണ്ടി വന്ന ഫ്‌ളൂ പകര്‍ച്ചവ്യാധി നിസ്സാരമല്ല. എന്‍എച്ച്എസ് ജീവനക്കാരും വന്‍തോതില്‍ രോഗം പിടിപെട്ട് ഓഫെടുക്കേണ്ട സ്ഥിതി വന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി. എന്നാല്‍ ഈ അവസ്ഥയ്ക്ക് കാരണമായി ഇപ്പോള്‍ ഒരു വിഷയത്തിലേക്കാണ് വിരല്‍ചൂണ്ടപ്പെടുന്നത്. ഫ്രണ്ട്‌ലൈനില്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ ഫ്‌ളൂ വാക്‌സിനോട് മുഖം തിരിക്കുന്നുവെന്നാണ് ഇപ്പോള്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കേവലം 37 ശതമാനം ജീവനക്കാര്‍, അതായത് പത്തില്‍ നാലില്‍ താഴെ ജോലിക്കാര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറായതെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ പറയുന്നു. ചില മേഖലകളില്‍ ഇത് പത്തില്‍ ഒന്ന് മാത്രമാണ്, 8.8%. ആശുപത്രി ജീവനക്കാര്‍ പുലര്‍ത്തുന്ന വിമുഖത രോഗം പടരാന്‍ പ്രോത്സാഹനം നല്‍കുകയും, ബുദ്ധിമുട്ട് അനുഭവിക്കുന്നവരില്‍ മരണസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായി പേഷ്യന്റ് ഗ്രൂപ്പുകള്‍ കുറ്റപ്പെടുത്തുന്നു.
എന്‍എച്ച്എസ് ഡോക്ടര്‍മാരും, നഴ്‌സുമാരും അടങ്ങുന്ന ഫ്രണ്ട്‌ലൈന്‍ വിഭാഗം ഫ്‌ളൂ വാക്‌സിനെടുക്കുന്നത് സ്വയം രോഗം പിടിപെടാതിരിക്കാനും, രോഗികള്‍ക്കിടയില്‍ രോഗവാഹകരാകുന്നത് ഒഴിവാക്കാനും സുപ്രധാനമാണെന്നാണ് കരുതുന്നത്. എന്നാല്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത ജീവനക്കാരുടെ എണ്ണം റെക്കോര്‍ഡിലാണ്. ഫ്‌ളൂ കേസുകള്‍ കുതിച്ചുയരാന്‍ ഇത് ഇടയാക്കുമെന്ന് മുന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സ്റ്റീഫന്‍ പോവിസ് തന്നെ മുന്നറിയിപ്പ് നല്‍കുന്നു.
വാക്‌സിനെടുക്കുന്നത് ആശുപത്രികള്‍ക്ക് മേലുള്ള സമ്മര്‍ദം കുറയ്ക്കുമെന്നാണ് നിര്‍ദ്ദേശമെങ്കിലും ഇത് പാലിക്കാന്‍ വളരെ കുറച്ച് ജീവനക്കാര്‍ മാത്രമാണ് തയ്യാറാകുന്നതെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ശേഖരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. 2016/17 കാലത്ത് 64 ശതമാനം ഡോക്ടര്‍മാരും, നഴ്‌സുമാരും ഫ്‌ളൂ വാക്‌സിന്‍ എടുത്തെങ്കില്‍ ഈ വര്‍ഷം ഇത് കേവലം 37 ശതമാനത്തിലേക്കാണ് താഴ്ന്നത്.
ഈ കണക്കുകള്‍ റെക്കോര്‍ഡ് ഇടിവാണ് രേഖപ്പെടുത്തുന്നത്. വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും വിമര്‍ശനം മൂലം ഇത് ഉപേക്ഷിക്കുകയായിരുന്നു. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിനേഷന്‍ ലഭിക്കും. രാജ്യത്തെ ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരില്‍ ഏറ്റവും കുറവ് വാക്‌സിനേഷന്‍ സ്വീകരിച്ചത് കാംഡെന്‍ & ഐലിംഗ്ടണ്‍ എന്‍എച്ച്എസ് ട്രസ്റ്റിലാണ്.