അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുന്‍പ് പൈലറ്റുമാര്‍ തമ്മില്‍ നടന്ന സംഭാഷണത്തിന്റെ വിവരങ്ങള്‍ പുറത്ത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തിയ പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണം പുറത്തായത്. എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്നതിനുള്ള സ്വിച്ചുകള്‍ ഓഫ് ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. ഈ സ്വിച്ചുകളുമായി ബന്ധപ്പെട്ടായിരുന്നു പൈലറ്റുമാര്‍ തമ്മിലെ സംഭാഷണം.
'ഇതാരാണ് ഓഫ് ചെയ്തത്' എന്നായിരുന്നു ഒരു പൈലറ്റിന്റെ ചോദ്യം. 'താനല്ല' എന്നാണ് രണ്ടാമന്‍ മറുപടി പറഞ്ഞത്. വിമാനത്തിലെ പൈലറ്റ്-ഇന്‍-കമാന്‍ഡായ സുമീത് സബര്‍വാളും സഹപൈലറ്റ് ക്ലൈവ് കുന്ദറും തമ്മിലാണ് ഈ സംഭാഷണം. എന്നാല്‍ ആരാണ് ചോദ്യം ചോദിച്ചതെന്നും ആരാണ് മറുപടി നല്‍കിയതെന്നും വ്യക്തമല്ല. സബര്‍വാള്‍ ബോയിംഗ് 787 വിമാനം 8600 മണിക്കൂര്‍ പറത്തിയ പൈലറ്റാണ്. കുന്ദര്‍ 1,100 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു.
സര്‍വീസ് തുടങ്ങും മുന്‍പ് ഇരുവര്‍ക്കും മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൈലറ്റിനോ, സഹപൈലറ്റിനോ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിമാനത്തിലെ ഇന്ധനവും തൃപ്തികരമായ നിലയിലായിരുന്നു. യാത്രക്കാരെയും കൂടി ഉള്‍പ്പെടുത്തിയാല്‍ അനുവദനീയമായ ഭാരമേ വിമാനത്തിനുണ്ടായിരുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയില്‍ കണ്ടതിന് പിന്നാലെ ഇത് ഓണ്‍ ചെയ്‌തെങ്കിലും ഒരു എഞ്ചിന്‍ ഭാഗികമായാണ് പ്രവര്‍ത്തിച്ചത്. രണ്ടാമത്തെ എഞ്ചിന്‍ പ്രവര്‍ത്തിച്ചില്ല. 32 സെക്കന്റില്‍ വിമാനം നിലംപതിച്ചു. യാന്ത്രികമായി സ്വിച്ചുകള്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യതയില്ലെന്നാണ് വിവരം. ആരെങ്കിലും ഓഫ് ചെയ്തതാണോയെന്ന് വ്യക്തമല്ല. ദുരന്തം നടന്ന സമയത്ത് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയിരുന്നത്. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ 230 പേര്‍ യാത്രക്കാരായിരുന്നു. 15 യാത്രക്കാര്‍ ബിസിനസ് ക്ലാസിലാണ് യാത്ര ചെയ്തത്. അവശേഷിച്ചവര്‍ ഇക്കോണമി ക്ലാസിലുമായിരുന്നു. വിമാനം ജനവാസ മേഖലയില്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ആകെ 260 പേരാണ് കൊല്ലപ്പെട്ടത്. ഒരേയൊരു യാത്രക്കാരന്‍ മാത്രമാണ് ദുരന്തത്തില്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.