ഹരിയാനയില്‍ വനിതാ ടെന്നീസ് താരത്തെ വെടിവെച്ച് കൊന്ന സംഭവത്തില്‍ കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തി പിതാവ്. മകളുടെ പണത്തില്‍ ജീവിക്കുന്നുവെന്ന നാട്ടുകാരുടെ പരിഹാസവും, അക്കാദമി അടച്ചുപൂട്ടാന്‍ മകള്‍ വിസമ്മതിച്ചതുമാണ് കാരണമെന്ന് പിതാവ് ദീപക് യാദവ് പൊലീസിനോട് വെളിപ്പെടുത്തി.
കൊല്ലപ്പെട്ട രാധിക യാദവ് ഒരു ടെന്നീസ് അക്കാദമി നടത്തിവരികയായിരുന്നു. നല്ല വരുമാനവും ഇതില്‍നിന്ന് ലഭിച്ചിരുന്നു. ഇതില്‍ കുടുംബത്തിനുള്ളില്‍ നിന്നുതന്നെ ദീപക് യാദവിന് പരിഹാസങ്ങള്‍ നേരിടേണ്ടിവന്നു. മകളുടെ പണത്തിലാണ് ദീപക് ജീവിക്കുന്നത് എന്നതടക്കം പറഞ്ഞാണ് ദീപകിനെ കളിയാക്കിയിരുന്നത്. ഇതില്‍ ദീപക് ആകെ മനോവിഷമത്തിലായിരുന്നു. പിന്നാലെ ഇയാള്‍ രാധികയോട് അക്കാദമി അടച്ചുപൂട്ടാന്‍ മകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതോടെ ഇയാള്‍ രാധികയെ കൊലപ്പെടുത്തുകയായിരുന്നു.
നിരന്തരമായ കളിയാക്കലുകളില്‍ ദീപക് ആകെ മനോവിഷമത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 15 ദിവസങ്ങളായി ദീപക് അസ്വസ്ഥനായിരുന്നു. തനിക്ക് കൂടുതല്‍ സഹിക്കാന്‍ കഴിഞ്ഞില്ലെന്നും ആത്മാഭിമാനത്തിന് മുറിവ് പറ്റിയെന്നുമാണ് കുറ്റസമ്മത മൊഴിയില്‍ ദീപക് യാദവ് പറയുന്നത്.
സ്വന്തം വീട്ടില്‍വെച്ചാണ് രാധികയെ ദീപക് വെടിവെച്ച് കൊലപ്പെടുത്തിയത്. അഞ്ച് തവണയാണ് ഇയാള്‍ വെടിവെച്ചത്. മൂന്ന് ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ കൊണ്ടുവെന്നാണ് വിവരം. ശബ്ദം കേട്ട് സമീപത്തുള്ളവര്‍ എത്തി യുവതിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.