അയര്‍ലന്‍ഡിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം കുറയ്ക്കാന്‍ വൊളന്ററി റിട്ടേണ്‍ പ്രോഗ്രാമുമായി സര്‍ക്കാര്‍. രാജ്യാന്തര സംരക്ഷണ അവകാശ വാദം ഉപേക്ഷിക്കുന്ന കുടുംബങ്ങള്‍ക്ക് 10000 യൂറോ (പത്തുലക്ഷം രൂപ)യാണ് വാഗ്ദാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവില്‍ ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്‍ ഒപ്പുവച്ചു.
സെപ്തംബര്‍ 28ന് മുമ്പ് അയര്‍ലന്‍ഡില്‍ അഭയം തേടിയവര്‍ക്കും അവരുടെ പദവി സംബന്ധിച്ച തീരുമാനം കാത്തിരിക്കുന്നവര്‍ക്കും സ്വമേധയാ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപോകുന്നതിന് 10000 യൂറോ ലഭിക്കും. കുടിയേറ്റത്തിലെ സമ്മര്‍ദ്ദം കുറക്കാനാണ് നീക്കം.
കഴിഞ്ഞ സെപ്തംബര്‍ 19 വരെയുള്ള കണക്കു പ്രകാരം ഈ വര്‍ഷം ഇതുവരെ 1159 പേര്‍ സ്വമേധയാ അയര്‍ലന്‍ഡ് വിട്ടുപോയതായി ജസ്റ്റിസ് വകുപ്പ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 129 ശതമാനം വര്‍ദ്ധനവാണിത്. പദ്ധതി അനുസരിച്ച് അയര്‍ലന്‍ഡ് വിട്ടുപോകുന്ന ഓരോ അഭയാര്‍ത്ഥിക്കും ഇപ്രകാരമുള്ള തുക നല്‍കിയാകും വിമാനം കയറ്റി തിരിച്ചയക്കുന്നത്. ഒരാള്‍ക്ക് 1200 യൂറോ വരേയും ഒരു കുടുംബത്തിന് 2000 യൂറോ വരെയും ലഭിക്കുമായിരുന്നു. വിമാന ടിക്കറ്റും സൗജന്യമാണ്. പുതിയ കണക്ക് പ്രകാരം 2500 യൂറോയും 10000 യൂറോയായും ലഭിക്കും. സെപ്തംബര്‍ 28ന് മുമ്പ് അഭയാര്‍ത്ഥിയായവര്‍ക്കും പദവി സംബന്ധിച്ച് തീരുമാനത്തിനായി കാത്തിരിക്കുന്നവര്‍ക്കുമാണ് ഇതിന് അര്‍ഹതയുള്ളത്.
അയര്‍ലന്‍ഡില്‍ അഭയാര്‍ത്ഥിയാകാന്‍ രജിസ്റ്റര്‍ ചെയ്ത ഓരോരുത്തര്‍ക്കും 2500 യൂറോ സര്‍ക്കാര്‍ കൊടുക്കും. ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണ് അഭയം തേടിയതെങ്കില്‍ 10000 യൂറോയാണ് സര്‍ക്കാര്‍ നല്‍കുക. എന്നാല്‍ അയര്‍ലന്‍ഡില്‍ നില്‍ക്കുമ്പോള്‍ ലഭിക്കുന്ന പണം കണക്കിലെടുത്താല്‍ സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം അത്ര പ്രയോജനകരമല്ല, അതിനാല്‍ സര്‍ക്കാരിന്റെ ഈ ഓഫര്‍ കുടിയേറ്റക്കാര്‍ സ്വീകരിക്കുമോ എന്നു വ്യക്തമല്ല.