റോച്ച്‌ഡേലില്‍ വെള്ളക്കാരായ പെണ്‍കുട്ടികളെ ക്രൂരമായ ചൂഷണങ്ങള്‍ക്ക് വിധേയമാക്കിയ ഏഷ്യന്‍ ഗ്രൂമിംഗ് സംഘത്തിലെ നേതാവ് ഉള്‍പ്പെടെ ആളുകള്‍ക്ക് 174 വര്‍ഷത്തെ ജയില്‍ശിക്ഷ. 13 വയസ്സ് മുതല്‍ പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി വെച്ച് ബലാത്സംഗത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷാവിധി.
റോച്ച്‌ഡേല്‍ ഇന്‍ഡോര്‍ മാര്‍ക്കറ്റിലെ തന്റെ അടിവസ്ത്ര വ്യാപാരസ്ഥാപനത്തിന്റെ മറവിലാണ് 65-കാരനായ മുഹമ്മദ് സാഹിദ് പീഡനങ്ങള്‍ നടത്തിയിരുന്നത്. സൗജന്യമായി അടിവസ്ത്രം നല്‍കി വശത്താക്കിയ ശേഷം കൗമാരക്കാരെ പണവും, മദ്യവും, ഭക്ഷണവും നല്‍കിയ ശേഷം പതിവായി ലൈംഗികതയ്ക്കായി ഉപയോഗിക്കുകയായിരുന്നു. ഒപ്പം തന്റെ സുഹൃത്തുക്കള്‍ക്കും ഇവരെ കൈമാറി.
മൂന്ന് മക്കളുടെ പിതാവായ ഇയാള്‍ക്ക് ഇപ്പോള്‍ 35 വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്. ഇയാള്‍ ഉള്‍പ്പെടെ ഏഴ് ഏഷ്യക്കാരാണ് കേസിലെ കുറ്റക്കാരായി മാഞ്ചസ്റ്റര്‍ മിന്‍ഷള്‍ സ്ട്രീറ്റ് കോടതി കണ്ടെത്തിയത്. 2011 മുതല്‍ 2006 വരെ നടന്ന വിവിധ ലൈംഗിക കുറ്റകൃത്യങ്ങളിലാണ് കുറ്റക്കാരായി വിധിച്ചത്. പോലീസും, സോഷ്യല്‍ സര്‍വ്വീസുകളും വരുത്തിവെച്ച വീഴ്ചയാണ് കുട്ടികളെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചതെന്ന് വ്യക്തമായെങ്കിലും ലേബര്‍ ഒരു പൊതു അന്വേഷണത്തെ എതിര്‍ക്കുകയാണ്.
പ്രത്യേകിച്ച് പാകിസ്ഥാനി വംശജരാണ് ഈ കേസുകളിലെ ഭൂരിഭാഗം പ്രതികളും. കുട്ടികളെ പീഡിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം ഒരു വിഭാഗത്തിന്റെ മേല്‍ വീഴാതിരിക്കാന്‍ പ്രതികള്‍ ഏഷ്യന്‍ വംശജരാണെന്നാണ് റിപ്പോര്‍ട്ടുകളിലും എഴുതുന്നത്. എന്നാല്‍ ഇവര്‍ പാകിസ്ഥാന്‍ വംശജരാണെന്നും, ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മറ്റ് ജനവിഭാഗങ്ങളെ ഇതിന്റെ പാപഭാരം പേറാന്‍ നിര്‍ബന്ധിക്കരുതെന്നും ആവശ്യം ഉയരുന്നുണ്ട്.