പൊളിറ്റിക്കല്‍ കറക്ടനസ് എന്ന് പറയുമ്പോള്‍ എല്ലാം ശരിയായി വരണമെന്ന് നിര്‍ബന്ധമില്ല. ചില വിഷയങ്ങള്‍ രാഷ്ട്രീയമായി ശരിയാക്കപ്പെടുമ്പോള്‍ സാമാന്യ ബുദ്ധി പോലും ചോദ്യം ചെയ്യപ്പെടും. എന്‍എച്ച്എസിന്റെ അത്തരമൊരു തീരുമാനമാണ് ഇപ്പോള്‍ വിവാദമാകുന്നത്. ഏറ്റവും അടുത്ത ബന്ധുക്കള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിന് പിന്തുണ നല്‍കിയാണ് എന്‍എച്ച്എസ് വിവാദത്തില്‍ ചാടിയിരിക്കുന്നത്.
ജനനപരമായ പല പ്രശ്‌നങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം വഴിവെയ്ക്കുന്നതായി തെളിവുകള്‍ ഉള്ളപ്പോഴാണ് ഇതെല്ലാം മറന്ന് ഹെല്‍ത്ത് സര്‍വ്വീസ് പൊളിറ്റിക്കല്‍ കറക്ടനസിന് പിന്നാലെ പോകുന്നത്. സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള വഴിയായി ചില വിഭാഗങ്ങള്‍ ഇത് ഉപയോഗിക്കുമ്പോഴാണ് എന്‍എച്ച്എസിന്റെ ഈ നിലപാട്.
ബന്ധുവിനെ വിവാഹം ചെയ്യാനായി ഹെന്‍ട്രി എട്ടാമന്‍ ഇത്തരമൊരു നിയമം പാസാക്കിയിരുന്നതിനാല്‍ ഇത് കുഴപ്പമില്ലെന്നാണ് എന്‍എച്ച്എസ് ഗൈഡന്‍സ്. പ്രത്യേകിച്ച് ബന്ധുവിനെ വിവാഹം ചെയ്യുന്നത് വഴി ശക്തമായ ബന്ധുബലം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഗുണമായി ഹെല്‍ത്ത് സര്‍വ്വീസ് വിവരിക്കുന്നത്.
ബ്രിട്ടീഷ് പാകിസ്ഥാനി സമൂഹത്തില്‍ പതിവായി നടക്കുന്ന ഈ പരിപാടി സിസ്റ്റിക് ഫൈബ്രോസിസ്, സിക്കിള്‍ സെല്‍ രോഗങ്ങള്‍ എന്നിങ്ങനെ ഡിസോര്‍ഡറുകള്‍ സൃഷ്ടിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഷെഫീല്‍ഡ്, ഗ്ലാസ്‌ഗോ, ബര്‍മിംഗ്ഹാം എന്നിവിടങ്ങളിലെ 20 ശതമാനം കുട്ടികളില്‍ കാണുന്ന ജന്മനാ നേരിടുന്ന അസുഖങ്ങള്‍ പാകിസ്ഥാനി വംശജരിലാണുള്ളത്.