അധികാരത്തിലെത്തിയ ശേഷം തൊട്ടതെല്ലാം പ്രശ്‌നമായി മാറിയ ശേഷം പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ലേബര്‍ പാര്‍ട്ടിയുടെ കോണ്‍ഫറന്‍സ് വേദിയിലേക്ക്. സമ്മേളന വേദിയില്‍ തനിക്കെതിരായ നീക്കങ്ങള്‍ ശക്തമാകുമെന്ന് തിരിച്ചറിഞ്ഞ് തന്നിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനാണ് സ്റ്റാര്‍മര്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
തനിക്ക് പാര്‍ട്ടി ഭരണം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം ആണയിടുന്നു. അതേസമയം പാര്‍ട്ടി ദുരന്തത്തിലേക്ക് നീങ്ങുന്നുവെന്ന് മറ്റൊരു സര്‍വ്വെ കൂടി വ്യക്തമാക്കി. കൂടാതെ റിഫോം യുകെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറുമെന്നാണ് സര്‍വ്വെയില്‍ വ്യക്തമാകുന്നത്.
ലിവര്‍പൂളില്‍ ലേബര്‍ കോണ്‍ഫറന്‍സ് നടക്കുമ്പോള്‍ പാര്‍ട്ടിയുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ചാണ് മോര്‍ ഇന്‍ കോമണ്‍ റിസേര്‍ച്ച് നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി 373 സീറ്റുകള്‍ തൂത്തുവാരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. ഇപ്പോള്‍ 400ന് അടുത്ത് സീറ്റുകളുള്ള ലേബര്‍ കേവലം 90 എംപിമാരിലേക്ക് ഒതുങ്ങുമെന്നും സൂചിപ്പിക്കുന്നു.
ഇതിനിടെ ലേബര്‍ നേതൃപദവിയിലേക്ക് എത്താനുള്ള മത്സരത്തില്‍ കീര്‍ സ്റ്റാര്‍മറിന് രഹസ്യ ഫണ്ടിംഗ് ലഭിച്ചതായുള്ള വാര്‍ത്ത പുറത്തുവന്നതോടെ അന്വേഷണം വേണമെന്ന് ടോറികള്‍ ആവശ്യപ്പെടുന്നുണ്ട്.