അതിര്‍ത്തിയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. അനധികൃത കുടിയേറ്റക്കാരെ തടയാനുള്ള ശ്രമങ്ങളെല്ലാം പാഴ്‌വേലയായി മാറുന്നു. ഇത് സമ്മതിക്കുന്നതിന് പകരം ഈ കുഴപ്പങ്ങളെല്ലാം മറ്റുള്ളവരുടെ പ്രശ്‌നമായി അവതരിപ്പിച്ച് തലയൂരാനുള്ള ശ്രമത്തിലാണ് കീര്‍ സ്റ്റാര്‍മര്‍. ഒപ്പം നിഗല്‍ ഫരാഗിനെ വംശവെറിയനായി അവതരിപ്പിച്ച് നഷ്ടപ്പെട്ട പിന്തുണ തിരിച്ചുപിടിക്കാനും പ്രധാനമന്ത്രി ശ്രമിച്ചു. എന്നാല്‍ ഈ ശ്രമങ്ങള്‍ എല്ലാം ഇപ്പോള്‍ തിരിച്ചടിക്കുകയാണെന്ന് സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
ഫരാഗിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ ലേബറിന്റെ ജനപിന്തുണ വീണ്ടും ഇടിയുകയാണ്. രാജ്യത്തിന്റെ ശത്രുവാണ് റിഫോം നേതാവെന്നും, കുടിയേറ്റ നയങ്ങള്‍ വംശവെറിയാണെന്നും വരെ കുറ്റപ്പെടുത്തി ദേശസ്‌നേഹത്തെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ലേബര്‍ പാര്‍ട്ടി ചൂടറിഞ്ഞത്.
ഫരാഗിനെതിരായ അക്രമം കടുപ്പിച്ച് ചാനല്‍ പ്രതിസന്ധിക്ക് ഉത്തരവാദി റിഫോം നേതാവ് തന്നെയാണെന്ന് കുറ്റപ്പെടുത്തിയ സ്റ്റാര്‍മര്‍, അനധികൃത കുടിയേറ്റക്കാരുമായി വരുന്ന ഡിഞ്ചികളെ 'ഫരാഗ് ബോട്ട്' എന്നും വിശേഷിപ്പിച്ചു. ഇതിന് പിന്നാലെയാണ് ലേബര്‍ വീണ്ടും അഞ്ച് പോയിന്റ് പിന്തുണ ഇടിഞ്ഞത്. അതേസമയം റിഫോമിന്റെ പിന്തുണ മൂന്ന് പോയിന്റ് വര്‍ദ്ധിച്ച് 30 ശതമാനത്തിലെത്തുകയും ചെയ്തു.
യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കാനുള്ള ക്യാംപെയിന്‍ വിജയകരമായി സംഘടിപ്പിച്ചതാണ് ചെറുബോട്ട് പ്രതിസന്ധി സൃഷ്ടിച്ചതെന്നും, അതിനാല്‍ ഇതിന് ഉത്തരവാദി ഫരാഗാണെന്നുമാണ് സ്റ്റാര്‍മറുടെ നിലപാട്. ഇതിനിടെ റിഫോം നേതാവ് വ്യക്തിപരമായി വംശവെറിയനല്ലെന്ന് പ്രധാനമന്ത്രിക്ക് സമ്മതിക്കേണ്ടിയും വന്നിട്ടുണ്ട്.