ഇംഗ്ലണ്ടിലെ കെയര്‍ മേഖലയില്‍ ആവശ്യത്തിന് വരുമാനമില്ലാത്തതും, മോശം തൊഴില്‍ സാഹചര്യങ്ങളും ജോലിക്കാരെ ഇതില്‍ തുടരുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം കാണാന്‍ ഇംഗ്ലണ്ടിലെ കെയര്‍ ജോലിക്കാര്‍ക്ക് വന്‍ ശമ്പളവര്‍ദ്ധന സംഘടിപ്പിച്ച് നല്‍കാനാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ പദ്ധതി.
2028 മുതല്‍ ശമ്പളവര്‍ദ്ധന നല്‍കാനാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നീക്കം. ട്രേഡ് യൂണിയനുകളുടെയും, എംപ്ലോയര്‍മാരുടെയും പുതിയ സംഘത്തെ നിയോഗിച്ച് ചര്‍ച്ചകള്‍ വേഗത്തിലാക്കാനും, മേഖലയിലെ വരുമാനവും, തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തി ജോലിക്കാര്‍ ഒഴിഞ്ഞ് പോകുന്നത് തടയുകയാണ് ലക്ഷ്യം.
പ്രാഥമിക വര്‍ദ്ധനവിനായി 500 മില്ല്യണ്‍ പൗണ്ടാണ് വെസ് സ്ട്രീറ്റിംഗ് വകയിരുത്തുന്നത്. ഈ വര്‍ഷം തന്നെ പുതിയ ചര്‍ച്ചാ സംഘത്തെ നിയോഗിക്കാനുള്ള നടപടി ആരംഭിക്കും. എന്നാല്‍ വരുമാനം ഉയരാന്‍ കൂടുതല്‍ വലിയ നിക്ഷേപങ്ങള്‍ ആവശ്യമായി വരുമെന്നാണ് യൂണിയനുകളുടെ പക്ഷം.
ലേബറിന്റെ ജോലിക്കാരുടെ അവകാശ പാക്കേജുകളുടെ ഭാഗമാണ് ഈ നടപടി വാഗ്ദാനം ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട വരുമാനം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ സൃഷ്ടിച്ച് കെയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി കരുതുന്നത്. കുറഞ്ഞ ശമ്പളവും, സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളും കെയര്‍ മേഖലയിലേക്ക് ജോലിക്കാരെ എത്തിക്കുന്നത് ബുദ്ധിമുട്ടാക്കി മാറ്റുകയാണ്.