ബ്രിട്ടനിലും, യുഎസിലും തുളച്ച് കയറുന്ന തൊണ്ടവേദനയുമായി പടരുന്ന പുതിയ കൊവിഡ് വേരിയന്റ് വ്യാപക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നിംബസ് എന്നറിയപ്പെടുന്ന എന്‍ബി.1.8.1 എന്ന സ്‌ട്രെയിനാണ് ഇന്‍ഫെക്ഷനുകള്‍ കുതിച്ചുയരാന്‍ ഇടയാക്കുന്നത്. ആഗസ്റ്റ് മുതല്‍ കേസുകള്‍ ഇരട്ടിച്ചിട്ടുണ്ട്.
അതേസമയം മുന്‍ സ്‌ട്രെയിനുകളെ അപേക്ഷിച്ച് വലിയ ഭീഷണി ഉയര്‍ത്തുന്നില്ലെന്നാണ് വിദഗ്ധര്‍ കരുതുന്നത്. രൂക്ഷമായ തോതില്‍ അസുഖബാധിതരാക്കുന്നുമില്ല. ആശുപത്രി അഡ്മിഷനുകള്‍ വര്‍ദ്ധിച്ച് തുടങ്ങിയ സാഹചര്യത്തില്‍ വിന്റര്‍ വാക്‌സിനേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ഇതിനിടെ മറ്റ് ചില രോഗങ്ങളും ബ്രിട്ടനില്‍ പടരാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്. മൂന്ന് മാരക ട്രോപ്പിക്കല്‍ രോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ ബ്രിട്ടനില്‍ ആദ്യമായി കണ്ടെത്തിയതോടെയാണ് ഇത്. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്ടസ് വിഭാഗത്തില്‍ പെടുന്ന കൊതുകുകളുടെ മുട്ടയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.
ഇവയ്ക്ക് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക്കാ വൈറസുകളെ വഹിക്കാനും, പടര്‍ത്താനും സാധിക്കുമെന്നതാണ് ആശങ്കയാകുന്നത്. കാലാവസ്ഥാ മാറ്റം മൂലം യുകെയില്‍ ചൂടേറുന്നതും, വിന്ററിന്റെ കാഠിന്യം കുറയുന്നതും ചേര്‍ന്ന് ഇവയ്ക്ക് പെറ്റുപെരുകാനുള്ള സാഹചര്യങ്ങള്‍ ശക്തമാകുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.