പുതുതായി നടപ്പിലാക്കുന്ന ദേശീയ ഐഡി കാര്‍ഡിന് പലവിധത്തിലുള്ള ഉപയോഗങ്ങള്‍ വരുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി. ബെനഫിറ്റുകളില്‍ തട്ടിപ്പ് തടയാനും, മറ്റ് പലവിധ കാര്യങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖ പ്രയോജനപ്പെടുത്തുമെന്നാണ് ഷബാന മഹ്മൂദ് വ്യക്തമാക്കുന്നത്. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ അവകാശമുണ്ടെന്ന് തെളിയിക്കാന്‍ മാത്രമാണ് ഐഡി കാര്‍ഡ് ഉപയോഗിക്കുകയെന്നായിരുന്നു ലേബര്‍ ഗവണ്‍മെന്റ് അവകാശപ്പെട്ടത്.
എന്നാല്‍ ഈ വേരിഫിക്കേഷനില്‍ ഐഡിയുടെ ഉപയോഗം ഒതുക്കില്ലെന്ന് ഇപ്പോള്‍ ഹോം സെക്രട്ടറി സ്ഥിരീകരിക്കുന്നു. 2029-ഓടെയാണ് ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ പ്രാബല്യത്തിലാക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പദ്ധതിയിടുന്നത്. ബ്രിട്ടനില്‍ പെയ്ഡ് എംപ്ലോയ്‌മെന്റ് നേടാന്‍ ഇത് നിര്‍ബന്ധമാക്കുമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞിരുന്നു.
ഈ നിലപാട് തിരുത്തിയതോടെ സ്വകാര്യതയില്‍ കടന്നുകയറുമെന്ന ആരോപണം ശക്തമായിട്ടുണ്ട്. 'ഇതില്‍ കൂടുതല്‍ ആലോചനയുടെ ആവശ്യമില്ല. ഐഡി കാര്‍ഡ് ഉപയോഗിച്ച് സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കഴിയുമെങ്കില്‍ അത് നല്ലതാണ്', ഹോം സെക്രട്ടറി ലേബര്‍ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.
ജോലി ചെയ്യുന്ന സാഹചര്യങ്ങള്‍ മാത്രമല്ല, ആനുകൂല്യങ്ങള്‍, മറ്റ് വിഷയങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ പരിധിയില്‍ വരും, മഹ്മൂദ് പറഞ്ഞു. ലേബര്‍ പദ്ധതി പ്രകാരം ഡിജിറ്റല്‍ ഐഡി കാര്‍ഡ് സ്മാര്‍ട്ട്‌ഫോണിലാണ് ശേഖരിച്ച് വെയ്ക്കുക. വ്യക്തിയുടെ പേര്, വിലാസം, പൗരത്വ വിവരങ്ങള്‍, ബയോമെട്രിക് ഫോട്ടോഗ്രാഫ് എന്നിവയാണ് ഇതില്‍ പെടുത്തുക.