ഒരു നിശ്ചിത കാലം താമസിച്ചാല്‍ ബ്രിട്ടനില്‍ ആര്‍ക്കും അനിശ്ചിതകാലം തങ്ങാനുള്ള ലീവ് ടു റിമെയിന്‍ അവകാശം സിദ്ധിക്കുമെന്നത് പ്രാദേശിക ജനങ്ങളുടെ രോഷത്തിന് ഇടയാക്കുന്നുണ്ട്. മുറി ഇംഗ്ലീഷ് പോലും അറിയാത്ത ജനവിഭാഗങ്ങള്‍ തങ്ങള്‍ക്കിടയില്‍ പെരുകുമ്പോള്‍ ബ്രിട്ടീഷ് മൂല്യങ്ങള്‍ നഷ്ടമാകുന്നതിന്റെ രോഷമാണ് റിഫോം യുകെ പ്രയോജനപ്പെടുത്തുന്നത്.
ഇത് മനസ്സിലാക്കി ലീവ് ടു റിമെയിന്‍ നിബന്ധനകള്‍ കൂടുതല്‍ കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് ലേബര്‍ ഗവണ്‍മെന്റ്. യുകെയില്‍ സെറ്റില്‍മെന്റ് ലഭിക്കാന്‍ 'ഉന്നത നിലവാരത്തിലുള്ള' ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയണമെന്ന നിബന്ധനയാണ് നടപ്പിലാക്കുക. കൂടാതെ ക്രിമിനലുകള്‍ക്ക് ഒരിക്കലും ലീവ് ടു റിമെയിനായി അപേക്ഷിക്കാന്‍ കഴിയില്ലെന്നും ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പ്രഖ്യാപിക്കും.
റിഫോം യുകെ കടുത്ത നയങ്ങളുമായി വോട്ടര്‍മാരുടെ ഹൃദയം കീഴടക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനങ്ങള്‍ എത്തുന്നത്. കരുത്തുറ്റ ഹോം സെക്രട്ടറിയായി സ്വയം അവതരിപ്പിക്കാനാണ് മഹ്മൂദ് ഉദ്ദേശിക്കുന്നത്. ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ ബ്രിട്ടീഷ് സമൂഹത്തില്‍ ഇടകലര്‍ന്നുവെന്നും, നാഷണല്‍ ഇന്‍ഷുറന്‍സ് പേയ്‌മെന്റും, വോളണ്ടറി വര്‍ക്കും ചെയ്ത് സമൂഹത്തിന് സംഭാവന ചെയ്‌തെന്നും, ബെനഫിറ്റുകളെ ആശ്രയിച്ചിട്ടില്ലെന്നും തെളിയിക്കേണ്ടി വരും.
ഒരു ദശകത്തോളം യുകെയില്‍ താമസിച്ചാലും പുതിയ നിലവാരങ്ങള്‍ എത്തിച്ചേരാന്‍ പരാജയപ്പെട്ടാല്‍ ഇവര്‍ക്ക് താമസത്തിനുള്ള അനുമതി നിഷേധിക്കപ്പെടുമെന്ന സാഹചര്യമാണ് ഹോം സെക്രട്ടറി മുന്നോട്ട് വെയ്ക്കുന്നത്. അതേസമയം മറ്റുള്ളവരുടെ അപേക്ഷകള്‍ ഫാസ്റ്റ്ട്രാക്ക് ചെയ്യും. വിഷയത്തില്‍ ഈ വര്‍ഷം തന്നെ കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കും.