പീറ്റര്‍ബോറോ / പറവൂര്‍: പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശ നല്‍കിക്കൊണ്ട് ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്‌സ് ഏരിയയുടെ ആഭിമുഖ്യത്തിലും പീറ്റര്‍ബൊറോ യൂണിറ്റിന്റെ നേതൃത്വത്തിലും എറണാകുളം ജില്ലയിലെ പറവൂരില്‍ ഭവനരഹിത കുടുംബത്തിനായി ആരംഭിച്ച 'സ്നേഹ വീടി'ന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.
എറണാകുളം ജില്ലയിലെ പറവൂര്‍ വടക്കേക്കര പഞ്ചായത്തില്‍ നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടീല്‍ കര്‍മ്മം ഓഗസ്റ്റ് 19ന് ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റര്‍ബോറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി ഫില്‍സണ്‍ മാത്യൂസ് എന്നിവരുടെ സാന്നിധ്യത്തില്‍ ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എം എല്‍ എ നിര്‍വഹിച്ചിരുന്നു.
ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പീറ്റര്‍ബൊറോ യൂണിറ്റിന്റെ നേതൃത്വത്തിലാണ്
പ്രതിപക്ഷ നേതാവിന്റെ പുനര്‍ജ്ജനി ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്ന ഭവനത്തിന്റെ
നിര്‍മ്മാണത്തിനാവശ്യമായ പണം സ്വരൂപിക്കുന്നത്. ഐ ഓ സി പീറ്റര്‍ബോറോ യൂണിറ്റ് ഭാരവാഹികളുടെ വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ചും സുമനസുകളുടെ പിന്തുണ തേടിയും 'ഫുഡ് ചലഞ്ച്' പോലുള്ള പദ്ധതികളിലൂടെയാണ് കുട്ടികള്‍ അടക്കമുള്ള പറവൂരിലെ ആ ഭവനരഹിത കുടുബത്തിന് നിര്‍ഭയം താമസിക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം സാക്ഷത്കരിക്കുന്നതിനായുള്ള പണം കണ്ടെത്തുന്നത്.
ഭവന നിര്‍മ്മാണ പദ്ധതിക്കായുള്ള ധനസമാഹരണാര്‍ത്ഥം ഐ ഓ സി (യു കെ) പീറ്റര്‍ബോറോ യൂണിറ്റിന്റെ മേല്‍നോട്ടത്തില്‍ ഞായറാഴ്ച സംഘടിപ്പിച്ച 'ബിരിയാണി ചലഞ്ച്' വലിയ വിജയമായത് സംഘാടകരുടെ ആത്മവിശ്വാസം തെല്ലൊന്നുമല്ല വര്‍ധിപ്പിച്ചിരിക്കുന്നത്. വെറും രണ്ട് ദിവസം കൊണ്ട് മുന്നൂറോളം പാക്കറ്റ് ബിരിയാണി ഓര്‍ഡറുകള്‍ ഈ വലിയ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ലഭിച്ചതായും ഏകദേശം ഒരു ലക്ഷത്തോളം രൂപ നീക്കിയിരിപ്പ് തുക സ്വരൂപിക്കാന്‍ സാധിച്ചതായും സംഘാടകര്‍ അറിയിച്ചു.
ഐ ഓ സി (യു കെ) പീറ്റര്‍ബോറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറല്‍ സെക്രട്ടറി സൈമണ്‍ ചെറിയാന്‍, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ജോയിന്റ് സെക്രട്ടറിമാരായ സിബി അറക്കല്‍, ഡിനു എബ്രഹാം, ട്രഷറര്‍ ജെനു എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോബി മാത്യു, അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം തുടങ്ങിയവര്‍ 'ബിരിയാണി ചലഞ്ചി'ന്റെ നേതൃത്വവും എബ്രഹാം ജോസഫ് (ഷിജു.), രാജീവ് യോഹന്നാന്‍, ഡെന്നി ജേക്കബ് എന്നിവര്‍ പാചക മേല്‍നോട്ടവും ഏറ്റെടുത്തു.
പീറ്റര്‍ബോറോയിലെ നാട്ടുകാരുടെയും ഐ ഓ സി യൂണിറ്റ് ഭാരവാഹികള്‍ - അംഗങ്ങള്‍ എന്നിവരുടെയും ഉത്സാഹപൂര്‍ണ്ണമായ പങ്കാളിത്തമാണ് പരിപാടിയെ വന്‍വിജയമാക്കി മാറ്റിയത്. പരിപാടിയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി സഹകരിച്ച എല്ലാവര്‍ക്കും ഐ ഓ സി (യു കെ) - പീറ്റര്‍ബോറോ യൂണിറ്റ്, മിദ്ലാന്‍ഡ്സ് ഏരിയ ഭാരവാഹികള്‍ നന്ദി അറിയിച്ചു.
ജീവകാരുണ്യ രംഗത്ത് മാതൃകയായി മുന്നേറുന്ന ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍, പ്രവാസികളുടെ സ്നേഹവും കരുതലും സമൂഹത്തിന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്നതിലാണ് മുന്‍തൂക്കം നല്‍കുന്നതെന്നും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് പ്രതീക്ഷയും മാനുഷികതയും പകര്‍ന്നുകൊണ്ട് ഇനിയും കൂടുതല്‍ വീടുകള്‍ ഈ പദ്ധതിയിലൂടെ നല്‍കാന്‍ ലക്ഷ്യമിടുന്നതായും കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയും അതിന്റെ ഭാഗമായ യൂണിറ്റ് / റീജിയനുകള്‍ ഇത്തരം പദ്ധതികളുടെ മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് അറിയിച്ചു.