ബെഡ്‌ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയ മേഖലയിലെ മലയാളി സമൂഹത്തിന്റെ പ്രതിഭാപാടവത്തിന് വേദിയൊരുക്കുന്നതും, കലാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നതുമായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ കലാമേള ഇന്ന് ശനിയാഴ്ച്ച (18/10/ 25) റെയ്ലിയില്‍ അരങ്ങേറും. യുക്മയുടെ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ മുഖ്യാതിഥിയാകുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ കലാമേള റെയ്നിയിലെ ദി സ്വയനെ പാര്‍ക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാവും അരങ്ങേറുക. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍നായര്‍ കലാമേളയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും. ദേശീയ വൈസ് പ്രസിഡന്റ്മാരായ വര്‍ഗീസ് ഡാനിയേല്‍, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറി സണ്ണിമോന്‍ മത്തായി തുടങ്ങിയവര്‍ പങ്കെടുക്കും കലാമേളയുടെ സമാപനമായി ഒരുക്കുന്ന സാസ്‌കാരിക സമ്മേളനത്തില്‍ യുക്മ ദേശീയ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റ്യന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യ സന്ദേശം നല്‍കുന്നതാണ്.
ഏറെ ആവേശകരമായ പ്രതികരണം കണ്ട മത്സരാര്‍ത്ഥികളുടെ റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ മേഖലയിലെ 23 അംഗ അസോസിയേഷനുകളില്‍ നിന്നുമായി മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധിച്ച മത്സരാര്‍ത്ഥി പ്രവാഹമാണ് കാണുവാന്‍ കഴിഞ്ഞതെന്നും, കലാമേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടക സമിതി അറിയിച്ചു.
എല്‍ ഇ ഡി സ്‌ക്രീനിന്റെ പശ്ചാത്തലത്തില്‍ നാലു സ്റ്റേജുകളിലായി ഒരുക്കുന്ന കലാമേളയില്‍ വിവിധങ്ങളായ മത്സരങ്ങളാവും അരങ്ങേറുക. സംഗീതം, നൃത്തം, അഭിനയം, പ്രസംഗം, പ്രശ്ചന്ന വേഷം അടക്കം നിരവധി ശാഖകളിലായി നടത്തുന്ന മത്സരങ്ങള്‍ അത്യന്തം ആസ്വാദ്യവും, ആവേശകരമാവുമായ അവതരണ പോരാട്ടങ്ങള്‍ക്കാവും റെയ്നിയിലെ ദി സ്വയനെ പാര്‍ക്ക് സ്‌കൂള്‍ ഓഡിറ്റോറിയം സാക്ഷ്യം വഹിക്കുക.
പ്രതിഭാ പ്രകടനത്തിനൊപ്പം ഇതര കലാകാരുടെ മികവുകള്‍ കാണുവാന്‍ അവസരം നല്‍കുകയും, പ്രാദേശിക തലത്തില്‍ കലാസൗഹൃദം വളര്‍ത്താനും, കലാപരിപാടികളിലൂടെയും, കൂട്ടായ്മകളിലൂടെയും മലയാളി പാരമ്പര്യവും, സാംസ്‌കാരിക തനിമയും നിലനിര്‍ത്തുവാനും, കലാ രൂപങ്ങള്‍ കാലഹരണപ്പെടാതെ സൂക്ഷിക്കുന്നതിനുമായി കലോത്സവ വേദികള്‍ ഒരുക്കുവാനുമുള്ള ലക്ഷ്യമാണ് കലാമേളകളിലൂടെ യുക്മ ശ്രമിക്കുക.
കലാസൗഹൃദ സദസ്സിനുമുന്നില്‍, കലയുടെ മഴവില്‍ വിസ്മയവും, അവതരണപ്രതിഭയും, അനുഭവവേദ്യമേകുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയാ കലാമേളയിലേക്ക് എല്ലാ കലാസ്‌നേഹികളെയും, കലാകാരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോബിന്‍ ജോര്‍ജ് - 07574674480
ജെയ്സണ്‍ ചാക്കോച്ചന്‍ - 07359477189
ഭുവനേഷ് പീതാബരന്‍ - 07862273000
സുമേഷ് അരവിന്ദാക്ഷന്‍ - 07795977571
Venue:
The Swayne Park School, Sir Walter Raleigh Drive, Rayleigh, Essex, SS6 9BZ
സാജന്‍ മാത്യു പടിക്കമ്യാലില്‍
(പി ആര്‍ ഒ, ഈസ്റ്റ് ആംഗ്ലിയ റീജിയന്‍)