
















ഇന്ത്യയുമായി സമ്പൂര്‍ണയുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയെ വിശ്വസിക്കാനാവില്ലെന്നും ഏതു സമയത്തും ആക്രമണം പ്രതീക്ഷിക്കാമെന്നും അതിനാല്‍ നിതാന്ത ജാഗ്രതയിലാണ് പാകിസ്ഥാന്‍ എന്നും ഖ്വാജ ആസിഫ് പറഞ്ഞു.
അഫ്ഗാനിസ്ഥാനടക്കമുള്ള അതിര്‍ത്തികളിലൂടെ ഇന്ത്യ ആക്രമിക്കാന്‍ ഇടയുണ്ടെന്നും കരുതിയിരിക്കുകയാണെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു. പാക് ടെലിവിഷനായ സമ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശങ്ങള്‍.
ന്യൂഡല്‍ഹിയുടെ വാഗ്ദാനങ്ങളില്‍ സ്വാധീനിക്കപ്പെട്ട് കഴിയുകയാണ് താലിബാന്‍ നേതൃത്വമെന്നും ഇന്ത്യയെ വിശ്വസിച്ച് അതിര്‍ത്തിയില്‍ അപമര്യാദ അഫ്ഗാനിസ്ഥാന്‍ കാണിക്കുന്നുവെന്നും ആസിഫ് ആരോപിച്ചു. കഴിഞ്ഞയാഴ്ച പാകിസ്ഥാനിലുണ്ടായ രണ്ട് ചാവേര്‍ സ്‌ഫോടനങ്ങളെ പരാമര്‍ശിച്ചായിരുന്നു ആസിഫിന്റെ വാക്കുകള്‍. ഇസ്‌ലമാബാദിലെ കോടതി സമുച്ചയത്തിന് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.
ഓപ്പറേഷന്‍ സിന്ദൂറിനെ 88 മണിക്കൂര്‍ നീണ്ട ട്രെയിലര്‍ എന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പറഞ്ഞതിനു പിന്നാലെയാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം.