
















യൂറോപ്പിലുടനീളം ഹമാസ് ഒരു പ്രവര്‍ത്തന ശൃംഖല വളര്‍ത്തിയെടുക്കുന്നുണ്ടെന്നും അത് രഹസ്യ സെല്ലുകള്‍ വഴി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗം മൊസാദ് പരസ്യമായി ആരോപിച്ചു. ഹമാസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി യൂറോപ്പിലെ ഇസ്രായേലി, ജൂത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനാണ് ഈ ശൃംഖല സ്ഥാപിച്ചതെന്നാണ് ആരോപണം. ജര്‍മ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ യൂറോപ്പിലുടനീളം പലതരത്തിലുള്ള ഓപ്പറേഷനുകള്‍ ആണ് ഹമാസിന്റെ പദ്ധതിയെന്നാണ് മൊസാദിന്റെ വാദം.
ഇതിന്റെ ഫലമായി നിരവധി തീവ്രവാദ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനും ആയുധ ശേഖരം കണ്ടെത്താനും പിടിച്ചെടുക്കാനും കഴിഞ്ഞുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നുണ്ട്. ഈ വാദത്തെ പിന്തുണക്കുന്ന ഉദാഹരണങ്ങളും സാഹചര്യങ്ങളും മൊസാദ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കുന്നുമുണ്ട്.
'ഇസ്രായേല്‍, ജൂത സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനകള്‍ ആണ് നടക്കുന്നത്. സിവിലിയന്മാര്‍ക്കെതിരെ ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ ആയുധ ശേഖരണങ്ങള്‍ പിടിച്ചെടുക്കാന്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ഓപ്പറേഷനുകള്‍ നടത്തിയെന്നും ജര്‍മ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന നടപടികളുടെ ഫലമായി നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്' എന്നാണ് മൊസാദ് വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ഓസ്ട്രിയയിലെ വിയന്നയില്‍ വെച്ചാണ് അന്വേഷകര്‍ ചൂണ്ടിക്കാണിച്ച പ്രധാന കണ്ടെത്തലുകളിലൊന്ന് ഉണ്ടായത്. ഓസ്ട്രിയയുടെ ഡിഎസ്എന്‍ സുരക്ഷാ സേവനം കൈത്തോക്കുകളും സ്‌ഫോടകവസ്തുക്കളും അടങ്ങിയ ഒരു ആയുധ ശേഖരം കണ്ടെത്തുകയായിരുന്നു. പിന്നീട് ഈ ആയുധവുമായി ബന്ധപ്പെട്ട് ഹമാസിനോട് അടുപ്പമുള്ള ഒരാളെ കണ്ടത്തി. മുതിര്‍ന്ന ഹമാസ് നേതാവായ ഖലീല്‍ അല്‍-ഹയ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹമാസ് രാഷ്ട്രീയ ബ്യൂറോയിലെ മുതിര്‍ന്ന ഉഗ്യോഗസ്ഥന്‍ ബാസെം നയിമിന്റെ മകന് ഇതില്‍ പങ്കുണ്ടെന്നായിരുന്നു അന്വേഷകരുടെ ആ കണ്ടെത്തല്‍.
വളരെക്കാലമായി തുര്‍ക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹമാസുമായി ബന്ധപ്പെട്ട വ്യക്തികളെയും ഇതിന്റെ ഭാഗമായി അന്വേഷകര്‍ നിരീക്ഷിക്കുന്നുണ്ട്. യൂറോപ്യന്‍ ഇന്റലിജന്‍സ് സംവിധാനങ്ങളും നേരിട്ടുള്ള സുരക്ഷാ ഇടപെടലുകള്‍ക്കപ്പുറം അവരുടെ നടപടികള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങളിലെ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഹമാസിന് ഫണ്ട് സ്വരൂപിക്കുന്നതിനോ തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനോ സഹായം നല്‍കുന്നതായി സംശയിക്കപ്പെടുന്ന ചാരിറ്റികളെയും മതസ്ഥാപനങ്ങളെയും ഇതിനോടകം തന്നെ ലക്ഷ്യം വെച്ച് കഴിഞ്ഞിരിക്കുകയാണ്.