
















റഷ്യയുമായുളള യുദ്ധം അവസാനിപ്പിക്കാന്‍ യു എസുമായി പൊതുധാരണയിലെത്തിയെന്ന് യുക്രൈന്‍. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി അമേരിക്ക സന്ദര്‍ശിക്കും. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ യുക്രൈന്‍ അംഗീകരിച്ചു. ഇരു രാജ്യങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമകരാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഉചിതമായ സമാധാന പദ്ധതിയാണിതെന്നും റഷ്യയിലും യുക്രൈനിലും ഉടന്‍ പ്രതിനിധികളെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കി.
സമാധാന കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തും. അതേസമയം അമേരിക്ക മുന്നോട്ടുവെച്ച സമാധാന പദ്ധതി അംഗീകരിക്കാന്‍ ധാരണയിലെത്തിയതായി സെലന്‍സ്‌കി പ്രതികരിച്ചെങ്കിലും ഏതാനും ചെറിയ കാര്യങ്ങളില്‍ തീരുമാനം ആകാനുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. യുക്രൈനിലെ കീവിനുള്ള സുരക്ഷാ ഗ്യാരന്റികളും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലെ സംഘര്‍ഷഭരിതമായ പ്രദേശങ്ങളുടെ നിയന്ത്രണവും ഉള്‍പ്പടെയുള്ള കാര്യങ്ങളിലാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഇപ്പോഴും വിയോജിപ്പുകള്‍ തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതി പ്രകാരം യുക്രൈന്‍ തങ്ങളുടെ അധീനതയിലുള്ള കൂടുതല്‍ പ്രദേശങ്ങള്‍ റഷ്യക്ക് വിട്ടുനല്‍കേണ്ടിവരും. കൂടാതെ സൈനിക നിയന്ത്രണങ്ങള്‍ അംഗീകരിക്കുകയും നാറ്റോ അംഗത്വം എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിയും വരും. നേരത്തെ കീഴടങ്ങലിന് തുല്യമാണെന്ന് വിശേഷിപ്പിച്ച് യുക്രൈന്‍ തള്ളിക്കളഞ്ഞ വ്യവസ്ഥകളാണ് ഇവ.