
















ഇസ്ലാമാബാദ് ജയിലില്‍ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാനെ കാണാന്‍ അനുമതി ലഭിച്ചെന്ന് സഹോദരി. ഇമ്രാന്‍ ഖാന്‍ ജയിലില്‍ മരിച്ചെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പാര്‍പ്പിച്ച അദിയാല ജയിലിന് മുന്നില്‍ സഹോദരി അലീമ ഖാന്‍ സമരം ആരംഭിച്ചിരുന്നു. സഹോദരനെ കാണാന്‍ അനുമതി ലഭിച്ചതോടെ സമരം അവസാനിപ്പിക്കുകയാണെന്ന് സഹോദരി പറഞ്ഞു. ഇമ്രാന്‍ ജയിലില്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ വലിയ അഭ്യൂഹം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടതിനു പിന്നാലെ ആയിരക്കണക്കിന് ഇമ്രാന്‍ അനുയായികള്‍ അഡിയാല ജയിലിനു മുന്നില്‍ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചു. ചിലയിടങ്ങളില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായതായും സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്റെ മൂന്ന് സഹോദരിമാര്‍ 'ഇമ്രാന്‍ ഖാന്‍' എവിടെയെന്ന ചോദ്യവുമായി രംഗത്തത്തെത്തിയതിന് പിന്നാലെയാണ് വിഷയം വലിയ ചര്‍ച്ചയായത്. 'ജയിലിനുള്ളില്‍ ഇമ്രാന്‍ ഖാന് ക്രൂര പീഡനം നേരിടേണ്ടി വരുന്നു, ഞങ്ങളെ അദ്ദേഹത്തെ കാണാന്‍ പോലും അനുവദിക്കുന്നില്ല' എന്ന് ആരോപിച്ചുകൊണ്ട് സഹോദരിമാര്‍ പരസ്യ പ്രസ്താവനയിറക്കി. ഇതിന് പിന്നാലെയാണ് 'ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടെന്ന' അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ശക്തമായത്. അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്ലാമാബാദ്, ലാഹോര്‍, കറാച്ചി തുടങ്ങിയ വിവിധ നഗരങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു.