
















വാഷിംഗ്ടണിലെ വൈറ്റ് ഹൗസിന് സമീപത്ത് നടന്ന വെടിവയ്പ്പില്‍ രൂക്ഷമായി പ്രതികരിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്ക് വെടിവെയ്പ്പില്‍ ഗുരുതര പരിക്കേറ്റ ആക്രമണം ഭീകരപ്രവര്‍ത്തനമാണെന്നാണ് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചത്. അക്രമിയെ മൃഗമെന്നും വിശേഷിപ്പിച്ച ട്രംപ്, ഈ ആക്രമണത്തിന് ആ മൃഗം വലിയ വില കൊടുക്കേണ്ടിവരുമെന്നും അഭിപ്രായപ്പെട്ടു. 'ഇത് ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയുമാണ്, രാജ്യത്തിനും മനുഷ്യരാശിക്കുമെതിരായ കുറ്റകൃത്യം' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആക്രമണം നടക്കുന്ന സമയം ഫ്‌ലോറിഡയിലായിരുന്നു ട്രംപ്.
വെടിവയ്പ്പിന് പിന്നാലെ വൈറ്റ് ഹൗസില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 500 അധിക നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചതായും പ്രസിഡന്റ് ട്രംപ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ബൈഡന്‍ ഭരണകാലത്ത് അഫ്ഗാനിസ്ഥാനില്‍ നിന്ന് പ്രവേശിപ്പിച്ചവരുടെ കാര്യത്തില്‍ പുനഃപരിശോധന നടത്താനും ആവശ്യപ്പെട്ടു. 'അഫ്ഗാനിസ്ഥാന്‍ പോലുള്ള ഹെല്‍ഹോള്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ കര്‍ശനമായി പരിശോധിക്കണം, അനാവശ്യരായവരെ നാടുകടത്തണം' എന്നും ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. യു എസ് സിറ്റിസണ്‍ഷിപ്പ് ഇമിഗ്രേഷന്‍ സര്‍വീസസ് അഫ്ഗാന്‍ പൗരന്മാരുടെ എല്ലാ ഇമിഗ്രേഷന്‍ അപേക്ഷകളും 'അനിശ്ചിതകാലത്തേക്ക്' നിര്‍ത്തിവച്ചതായാണ് വിവരം.