
















പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മരിച്ചെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് പാകിസ്താന്‍ തെഹ്രീക്ക് ഇ ഇന്‍സാഫ് (പിടിഐ). ഇമ്രാന്‍ ഖാന്‍ ജീവനോടെയുണ്ടെന്നും അദ്ദേഹം കടുത്ത സമ്മര്‍ദത്തിലാണ് എന്നും സെനറ്റര്‍ ഖുറം സീഷന്‍ പറഞ്ഞു. നിലവിലെ സര്‍ക്കാര്‍ ഇമ്രാന്‍ ഖാന്റെ ജനപ്രീതിയെ ഭയക്കുന്നുവെന്നും അദ്ദേഹത്തിനുമേല്‍ പാകിസ്താന്‍ വിടാനുളള സമ്മര്‍ദ തന്ത്രമാണ് നടക്കുന്നതെന്നും ഖുറം സീഷന്‍ പറഞ്ഞു. ബന്ധുക്കള്‍ക്ക് ഇമ്രാന്‍ ഖാനെ കാണാന്‍ ഇനിയും അനുമതി നല്‍കിയിട്ടില്ല.
'ഇമ്രാന്‍ ഖാന്റെ മരണവാര്‍ത്ത സത്യമല്ല. അദ്ദേഹം ജീവനോടെയുണ്ട്. അദിയാലയിലെ തടവറയില്‍ കഴിയുകയാണ് അദ്ദേഹം. പാകിസ്താന്‍ വിടണമെന്ന് നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇമ്രാന്‍ ഖാന് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രീതി രാജ്യത്തെ ഭരണകൂടത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. അതിനാലാണ് അവര്‍ അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാത്തത്. ഒരു മാസത്തിലേറെയായി അദ്ദേഹം തടങ്കലിലാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമല്ല കുടുംബത്തിന് പോലും അദ്ദേഹത്തെ കാണാന്‍ അവസരം നല്‍കുന്നില്ല. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഈ അടുത്താണ് അദ്ദേഹം അദിയാലയിലെ തടങ്കലിലുണ്ടെന്ന് പോലും ഞങ്ങള്‍ അറിഞ്ഞത്': സീഷന്‍ പറഞ്ഞു.
പിടിഐ സ്ഥാപകനും പാക് മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ 2023 ഓഗസ്റ്റിലാണ് അഴിമതി ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചതായി പാകിസ്താനിലെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നിരുന്നു. അതിന് പിന്നാലെ അദ്ദേഹത്തെ കാണാന്‍ അനുമതി തേടി സഹോദരിമാരും പാര്‍ട്ടി പ്രവര്‍ത്തകരും ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇമ്രാന്‍ ഖാനെ ഏകാന്ത തടവിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തോട് കാട്ടുനീതിയാണ് കാണിക്കുന്നതെന്നും സഹോദരിമാര്‍ ആരോപിച്ചിരുന്നു.