
















മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും എന്നാല്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്നും സഹോദരി ഡോ. ഉസ്മ ഖാന്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ആരുമായും ആശയവിനിമയം നടത്താന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും സഹോദരി പറഞ്ഞു. പാക് സൈന്യത്തിന്റെ സംയുക്ത പ്രതിരോധ സേനാ മേധാവിയായ അസിം മുനീറിനെ തന്റെ സഹോദരന്‍ കുറ്റപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
മുഴുവന്‍ സൈന്യത്തിന്റെയും നിയന്ത്രണം അസിം മുനീര്‍ പിടിച്ചെടുത്തെന്നും ഭരണഘടന തിരുത്തിയെഴുതിയെതിയെന്നും അദ്ദേഹം പറഞ്ഞു. തനിക്കും മറ്റ് സൈനിക മേധാവികള്‍ക്കും ആജീവനാന്ത തടവ് ഏര്‍പ്പെടുത്തിയതിന് കാരണക്കാരന്‍ അദ്ദേഹമാണെന്ന് തന്റെ സഹോദരന്‍ പറഞ്ഞെന്നും അവര്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ദിവസങ്ങളായി പ്രചരിച്ചതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ച നടന്നത്. ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും ഇമ്രാന്‍ ഖാന്റെ അനുയായികളുടെ പ്രതിഷേധവും നടന്നിരുന്നു.