
















താന്‍ സ്വര്‍ണം കട്ടെന്ന് ആരോപിക്കാതിരിക്കാന്‍ കഴിയുമോ എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനോട് ചോദിക്കണമെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വി ഡി സതീശനെതിരായ മാനനഷ്ടക്കേസ് കോടതി പരിഗണിച്ചപ്പോഴാണ് കടകംപള്ളി ഈ ആവശ്യം ഉന്നയിച്ചത്. ശബരിമല സ്വര്‍ണപ്പാളി കവര്‍ച്ചാ കേസില്‍ ജീവനക്കാരെയോ രാഷ്ട്രീയനേതാക്കളെയോ വിമര്‍ശിക്കുന്നതിനു താന്‍ എതിരല്ലെന്നും തന്നെ സ്വര്‍ണം കട്ടവന്‍ എന്ന് വിളിക്കരുതെന്നുമായിരുന്നു കടകംപള്ളിയുടെ അപേക്ഷ.
ഇത്തരം ആരോപണം കേട്ടശേഷം സ്വസ്ഥമായി വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയില്ലെന്നും കടകംപള്ളി പറഞ്ഞു. കടകംപള്ളിയുടെ ആവശ്യം പരിഗണിക്കാമോ എന്ന കോടതിയുടെ ചോദ്യത്തിന് ഇക്കാര്യം വി ഡി സതീശനോട് ചോദിച്ച ശേഷമേ പറയാന്‍ കഴിയൂ എന്ന് അഭിഭാഷകന്‍ അറിയിച്ചു. ഇതുവരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇവ മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും വി ഡി സതീശന്റെ അഭിഭാഷകന്‍ മൃദുല്‍ ജോണ്‍ മാത്യു കോടതിയെ ധരിപ്പിച്ചു. തിരുവനന്തപുരം മൂന്നാം സബ് കോടതിയാണ് കേസ് പരിഗണിച്ചത്. വി ഡി സതീശന്റെ അഭിപ്രായം അറിയാനായി കോടതി കേസ് ഈ മാസം 18ലേക്ക് മാറ്റി.
സ്വര്‍ണപ്പാളി കവര്‍ച്ചാ കേസില്‍ വി ഡി സതീശന്‍ നടത്തിയ ആരോപണം തനിക്കു മാനഹാനി ഉണ്ടാക്കുന്നതാണെന്നും ആരോപണം പിന്‍വലിക്കുകയും തുടര്‍ ആരോപണം ഉന്നയിക്കാതിരിക്കണമെന്നുമായിരുന്നു കടകംപള്ളിയുടെ ആവശ്യം. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ 10 ലക്ഷം രൂപ സതീശന്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.