CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 33 Minutes 59 Seconds Ago
Breaking Now

ചരിത്രം പിറക്കുന്ന നിമിഷങ്ങളില്‍ സജീഷ് ടോം ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു....... യു കെ മലയാളി സമൂഹത്തിന് ഇത് ഇരട്ടി മധുരം

സജീഷ് ടോം, ബേസിംഗ്സ്റ്റോക്ക് ബറോ കൗണ്‍സിലിന്റെ പുതിയ ഡെപ്യൂട്ടി മേയറായി ചുമതല ഏറ്റുകൊണ്ടു ചരിത്രം രചിച്ചിരിക്കുകയാണ്

ലണ്ടന്‍: ; കഴിഞ്ഞ ആഴ്ച നടന്ന യു കെ പ്രാദേശീയ തെരഞ്ഞെടുപ്പില്‍ ഹാംഷയര്‍ കൗണ്ടിയിലെ ഏക ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായി ജയിച്ചു കയറിയ സജീഷ് ടോം, ബേസിംഗ്സ്റ്റോക്ക് ബറോ കൗണ്‍സിലിന്റെ പുതിയ ഡെപ്യൂട്ടി മേയറായി ചുമതല ഏറ്റുകൊണ്ടു ചരിത്രം രചിച്ചിരിക്കുകയാണ്. 

ഒരേ സമയം കൗണ്ടി കൗണ്‍സിലിലും ബറോ കൗണ്‍സിലിലും അംഗമാകുക എന്നത് തന്നെ വിരളമാണെന്നിരിക്കെ, അതിനൊപ്പം ഒരു ബറോയുടെ ഡെപ്യൂട്ടി മേയര്‍കൂടി ആവുക എന്നത് യു കെ രാഷ്ട്രീയത്തില്‍ തന്നെ അപൂര്‍വ്വമാണ്. ഈ അപൂര്‍വ്വതയിലേക്കാണ് പ്രവാസി സമൂഹത്തിനാകെ അഭിമാനമായിക്കൊണ്ട് സജീഷ് ടോം നടന്ന് കയറിയിരിക്കുന്നത്.

2021 മുതല്‍ ബേസിംഗ്സ്റ്റോക്ക് ബറോ കൗണ്‍സിലിലെ പോപ്പിലി വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന സജീഷ് ടോം ഓരോ തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുന്ന കൗണ്‍സിലര്‍മാരില്‍ ഒരാളാണ്. ഈ വര്‍ഷം വിജയിച്ച ഹാംഷയര്‍ കൗണ്ടിയിലേക്കുള്ള ബേസിംഗ്സ്റ്റോക്ക് നോര്‍ത്ത് ഡിവിഷന്‍ പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടി നിലനിര്‍ത്തിപോരുന്ന ഒരു ഡിവിഷന്‍ ആണെങ്കിലും, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ 'റീഫോം യു കെ' യുടെ കുത്തൊഴുക്കില്‍ വിജയ സാധ്യത ഇല്ലെന്ന് ലേബര്‍പാര്‍ട്ടി പോലും വിധിയെഴുതിയ  ഒന്നായിരുന്നു.

യു കെ രാഷ്ട്രീയ ചരിത്രത്തില്‍ വളരെ ചുരുക്കം മലയാളികള്‍ മാത്രമേ ഡെപ്യൂട്ടി മേയര്‍, മേയര്‍ പദവികളില്‍ എത്തിയിട്ടുള്ളൂ. ഓമന ഗംഗാധരന്‍, ഫിലിപ്പ് എബ്രഹാം, മഞ്ജു ഷാഹുല്‍ ഹമീദ്, ടോം ആദിത്യ, ബൈജു തിട്ടാല തുടങ്ങിയ മലയാളികളുടെ നിരയിലേക്ക്  സജീഷ് ടോമിന്റെ പേരുകൂടി എഴുതി ചേര്‍ക്കപ്പെടുകയാണ്. യു കെ യിലെ മേയറല്‍ പ്രോട്ടോകോള്‍ അനുസരിച്ച് അടുത്ത വര്‍ഷം മേയില്‍ സജീഷ് ടോം മേയര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടും. 

കോട്ടയം ജില്ലയില്‍ വൈക്കം, ചെമ്പ് അയ്യനംപറമ്പില്‍ കുടുംബാംഗമായ സജീഷിന്റെ കുടുംബം ഇപ്പോള്‍ എറണാകുളം ജില്ലയില്‍ ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലുള്ള തെക്കന്‍ പറവൂരിലാണ് ആണ്. സജീഷിന്റെ ഭാര്യ ആന്‍സി ഹാംഷയര്‍ ഹോസ്പിറ്റല്‍സ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഐ സി യു ഡിപ്പാര്‍ട്ട്‌മെന്റ്റില്‍ ഡെപ്യൂട്ടി സിസ്റ്ററായി ജോലി ചെയ്യുന്നു. ഏക മകള്‍ അലീന ലണ്ടണില്‍ ജോലി ചെയ്യുന്നു. 

2015, 2016 വര്‍ഷങ്ങളില്‍ യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ 'യുക്മ'യുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സജീഷ് ടോം, തുടര്‍ന്നുള്ള നാല് വര്‍ഷങ്ങള്‍ സംഘടനയുടെ ദേശീയ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. യു കെ പൊതുസമൂഹത്തില്‍ രണ്ട് ദശാബ്ദത്തിലേറെയായി സജീവസാന്നിധ്യമായ സജീഷ്, തുടര്‍ച്ചയായ മൂന്ന് ടേമുകളില്‍ ബേസിംഗ്സ്റ്റോക്ക് മള്‍ട്ടികള്‍ച്ചറല്‍ ഫോറം ട്രഷറര്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും 2012 ല്‍  'മേയേര്‍സ് വോളന്റ്ററി അവാര്‍ഡ്' കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.  

ബേസിംഗ്സ്റ്റോക്ക് എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ അഡ്മിന്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന സജീഷ് ടോം തൊഴിലാളി പ്രസ്ഥാനങ്ങളിലും സജീവമാണ്. യു കെ യിലെ പ്രബല തൊഴിലാളി യൂണിയനായ UNISON ന്റെ ബ്രാഞ്ച് ചെയര്‍പേഴ്‌സണ്‍, ലേബര്‍ലിങ്ക് ഓഫീസര്‍, സൗത്ത് ഈസ്റ്റ് റീജിയണല്‍ ഫിനാന്‍സ് കമ്മറ്റി അംഗം, റീജിയണല്‍ വെല്‍ഫെയര്‍ കമ്മറ്റി അംഗം തുടങ്ങി നിരവധി ചുമതലകള്‍ വിവിധ കാലഘട്ടങ്ങളിലായി സജീഷ് വഹിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.