CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 48 Minutes 17 Seconds Ago
Breaking Now

'ആ രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, കൂടെ നിന്നത് സുവേന്ദു മാത്രം'; മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടത്തില്‍ സുവേന്ദു നല്‍കിയ പിന്തുണ മഹുവ ഓര്‍ത്തെടുത്തു.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ, ബിജെപി നേതാവും നിലവിലെ ബംഗാള്‍ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയെ പരസ്യമായി പുകഴ്ത്തി ടിഎംസി എംപി മഹുവ മൊയ്ത്ര. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ്, മമത ബാനര്‍ജിയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയായ സുവേന്ദു അധികാരിയുമായുള്ള തന്റെ വ്യക്തിബന്ധത്തെക്കുറിച്ച് മഹുവ മനസ്സ് തുറന്നത്. രാഷ്ട്രീയ പാതകള്‍ വ്യത്യസ്തമാണെങ്കിലും സുവേന്ദുവുമായി തനിക്ക് വൈകാരികമായ ബന്ധമുണ്ടെന്നാണ് മഹുവ വ്യക്തമാക്കിയത്.

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടത്തില്‍ സുവേന്ദു നല്‍കിയ പിന്തുണ മഹുവ ഓര്‍ത്തെടുത്തു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ഏറെ തകര്‍ന്നുപോയെന്നും ആ രാത്രി മുഴുവന്‍ താന്‍ കരയുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. അന്ന് തന്നെ ആശ്വസിപ്പിക്കാനും ധൈര്യം പകരാനും സുവേന്ദു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ആദ്യമായി കരീംപൂരില്‍ നിന്ന് മത്സരിച്ചപ്പോള്‍ മുതിര്‍ന്ന ടിഎംസി നേതാക്കളാരും പ്രചാരണത്തിന് വരാതിരുന്നിട്ടും ആദ്യ റാലി നയിച്ചത് സുവേന്ദുവാണെന്നും മഹുവ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഇപ്പോള്‍ ബിജെപിയിലായതിനാല്‍ പരസ്പരം സംസാരിക്കാറില്ലെങ്കിലും, അന്ന് നല്‍കിയ പിന്തുണ മറക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. അഭിമുഖത്തിന്റെ ഈ ഭാഗം മഹുവ തന്റെ എക്സ് ഹാന്‍ഡിലില്‍ പങ്കുവച്ചു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ 'ശുദ്ധീകരണത്തിന്' കാരണക്കാരനായതില്‍ സുവേന്ദുവിനോട് നന്ദിയുണ്ടെന്ന മഹുവയുടെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. മമത ബാനര്‍ജിക്ക് ചെയ്യാന്‍ കഴിയാത്തത് സുവേന്ദുവും ബിജെപിയും ചേര്‍ന്ന് ഒറ്റദിവസം കൊണ്ട് ചെയ്തുവെന്ന് അവര്‍ അവകാശപ്പെട്ടു. ഒന്നിനും കൊള്ളാത്ത അയോഗ്യരായ നേതാക്കളെപ്പോലും പാര്‍ട്ടിയില്‍ നിലനിര്‍ത്തിയതാണ് ടിഎംസിയുടെ പരാജയം. ബിജെപിക്ക് ശക്തമായ കേഡര്‍ സംവിധാനവും വ്യക്തമായ പ്രത്യയശാസ്ത്രവുമുണ്ടെന്നും അത് ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്നും മഹുവ ചൂണ്ടിക്കാട്ടി.

 




കൂടുതല്‍വാര്‍ത്തകള്‍.