
















ഐപിഎല്‍ മത്സരത്തിനിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന തരത്തില്‍ പ്രചരിച്ച വൈറല്‍ വീഡിയോയില്‍ വിശദീകരണവുമായി തമിഴ്‌നാട് മന്ത്രി ഡി. ശരത്കുമാര്‍. വീഡിയോ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടതാണെന്നും മയക്കുമരുന്നല്ല, തന്റെ കുട്ടിക്കുള്ള ഗുളികയാണെന്നും ശരത്കുമാര്‍ വിശദീകരിച്ചു.
രണ്ട് വര്‍ഷം മുമ്പ് ഐപിഎല്‍ മത്സരം കാണുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഒന്നര വയസുള്ള മകന് മരുന്ന് നല്‍കുന്നതിനായി ഗുളിക പൊടിക്കുകയായിരുന്നു എന്ന് മന്ത്രി പറഞ്ഞു.
കുട്ടി ഗുളിക കഴിക്കാത്തതിനാല്‍ പൊടിച്ച് നല്‍കാന്‍ ഭാര്യ തന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് മൊബൈല്‍ ഫോണിന്റെ സ്‌ക്രീനില്‍ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഗുളിക പൊടിച്ചതെന്നും ശരത്കുമാര്‍ പറയുന്നു.
മൊബൈല്‍ ഫോണിന്റെ സ്‌ക്രീനില്‍ വെച്ചിരുന്ന വെളുത്ത പൊടി കാര്‍ഡ് ഉപയോഗിച്ച് പൊടിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് മയക്കുമരുന്നാണെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. പഴയ വീഡിയോ വീണ്ടും പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.