
















മുംബൈയിലെ ബുക്കളയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ വിഷ ഗുളികകള്‍ വിതരണം ചെയ്ത യുവാവ് അറസ്റ്റില്‍. 15000 പേരെ കൊല്ലുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതിയായ ഫയാസ് പ്രേംജി പൊലീസിന് മൊഴി നല്‍കി.
റീ റോഡിലെ റഹ്‌മതാബാദ് സെമിത്തേരിക്ക് സമീപം നടന്ന ഘോഷ യാത്രയ്ക്കിടെയാണ് സംഭവം. വേദന സംഹാരികളാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ ആളുകള്‍ക്ക് ഗുളികകള്‍ നല്‍കിയത്. മൂന്ന് വനിതാ വോളന്റിയര്‍മാര്‍ക്ക് തോന്നി സംശയമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇവര്‍ ഗുളികകള്‍ പരിശോധിക്കുകയും ഉള്ളില്‍ പൊടിരൂപത്തിലുള്ള പദാര്‍ത്ഥം കണ്ടെത്തുകയും ഉടന്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു.
ഗുളികകള്‍ കഴിക്കരുതെന്ന് ഉച്ചഭാഷിണിയില്‍ മുന്നറിയിപ്പും നല്‍കി. ഗുളിക കഴിച്ച 11 പേര്‍ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി. നിലവില്‍ അപകട നില തരണം ചെയ്തു.
പ്രതിയുടെ പക്കല്‍ നിന്ന് 14900 ഗുളികകളാണ് പൊലീസ് പിടിച്ചെടുത്തത്. കൂടാതെ 30000 ഒഴിഞ്ഞ ക്യാപ്‌സൂളുകളും 50 കിലോ ഫോസ്ഫറസിനും ഇയാള്‍ ഓര്‍ഡര്‍ ചെയ്തിരുന്നതായി കണ്ടെത്തി.
എലിവിഷത്തില്‍ അടങ്ങിയിരിക്കുന്ന അതീവ അപകടമുള്ള സിങ്ക് ഫോസ്‌ഫൈഡ് എന്ന രാസവസ്തുവാണ് ഗുളികകളില്‍ അടങ്ങിയിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി.ഇതു വയറ്റിലെ ആസിഡുമായി കലരുമ്പോള്‍ ഫോസ്ഫിന്‍ വാതകം ഉത്പാദിപ്പിക്കുകയും ഹൃദയം, ശ്വാസകോശം, വൃക്ക എന്നീ അവയവങ്ങള്‍ തകരാറിലാകുകയും ചെയ്യും.
2019 മുതല്‍ 2025 വരെ ഫയ്യാസ് പ്രേംജി നിരവധി തവണ ഇറാനും ഇറാഖും സന്ദര്‍ശിച്ചതായും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 19 തവണ ഈ രാജ്യങ്ങളില്‍ യാത്ര നടത്തിയതായും പൊലീസ് അറിയിച്ചു. ഈ യാത്രകളുടെ ഉദ്ദേശ്യവും പരിശോധിക്കും.
പ്രതിയുടെ മൊബൈല്‍ ഫോണ്‍, സാമ്പത്തിക ഇടപാടുകള്‍, ഡിജിറ്റല്‍ രേഖകള്‍, ബന്ധങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ച് ഇയാള്‍ ഒറ്റയ്ക്കാണോ പ്രവര്‍ത്തിച്ചതെന്നും മറ്റാരുടെയെങ്കിലും സ്വാധീനമുണ്ടായോ എന്നും പരിശോധിക്കും.പ്രതി മുംബൈയിലെ ഷിയ ഖോജ കമ്യൂണിറ്റി അംഗമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.