
















അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിലെ അന്വേഷണം ശക്തമാക്കി പൊലീസ്. ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിയെ മൂന്ന് മണിക്കൂറിലേറെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. ക്ഷേത്രത്തിലെ സംഭാവനകളുടെ കൈകാര്യം സംബന്ധിച്ച ക്രമക്കേടുകളെക്കുറിച്ചായിരുന്നു പ്രധാനമായും ചോദ്യം ചെയ്യല്‍.
തട്ടിപ്പില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ചമ്പത് റായി അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ക്ഷേത്ര സംഭാവനകളുടെ ചുമതലയുള്ള ജീവനക്കാര്‍ ഇത്തരമൊരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം മൊഴി നല്‍കി.
കേസിന്റെ ഭാഗമായി ട്രസ്റ്റ് അംഗങ്ങളായ അനില്‍ മിശ്രയ്ക്കും ഗോപാല്‍ റാവുവിനും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.
സംഭാവന തട്ടിപ്പ് വിവാദം ശക്തമായ സാഹചര്യത്തില്‍ ട്രസ്റ്റ് യോഗം ജൂലൈ 6-ലേക്ക് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ചമ്പത് റായിയും അനില്‍ മിശ്രയും സമര്‍പ്പിച്ച രാജിക്കത്തുകളില്‍ അന്നേ ദിവസം തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചമ്പത് റായിയെയും ട്രസ്റ്റിനെയും പിന്തുണച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്തെത്തി. ആരോപണങ്ങളില്‍ സുതാര്യമായ അന്വേഷണം വേണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു.
കേസിലെ പ്രധാന സൂത്രധാരന്മാരിലൊരാളായ അനുകല്‍പ് മിശ്രയുടെയും മറ്റ് പ്രതികളുടെയും സ്വത്തുക്കളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള അന്വേഷണം പോലീസ് വ്യപകമാക്കി. ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ചാണോ പ്രതികള്‍ സമീപകാലത്ത് വന്‍തോതില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതെന്ന് കണ്ടെത്താനാണ് സാമ്പത്തിക അന്വേഷണ വിഭാഗത്തിന്റെ ശ്രമം.