
















ഫോണില്‍ സംസാരിക്കുന്നതിനിടെ കരച്ചില്‍ നിര്‍ത്താതിരുന്ന മൂന്നു വയസ്സുകാരനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി കേസ്. സംഭവത്തില്‍ റുചി ജിന്ദാല്‍ (32 ) എന്ന യുവതിക്കെതിരെ പോലീസ് കേസെടുത്തു. കാമുകനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ശല്യം ചെയ്തതിനാലാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. കാമുകനോട് ഭാര്യ ഫോണില്‍ കൊലപാതക വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ഭര്‍ത്താവ് കൃഷ്ണ മുരാരി ഗുപ്ത യാദൃശ്ചികമായി കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ജൂണ്‍ 28-നായിരുന്നു കേസിനാസ്പദമായ സംഭവം. മഥുര ബല്‍ദേവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഛൗലി ഗ്രാമത്തിലാണ് സംഭവം നടന്നത്. മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന ഭര്‍ത്താവ് കൃഷ്ണ മുരാരി കടയിലായിരുന്ന സമയത്താണ് കുട്ടി നിരന്തരം കരഞ്ഞ് ബോധരഹിതനായെന്ന് റുചി ഫോണില്‍ വിളിച്ചറിയിച്ചത്. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ കുട്ടിയെ മഥുരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവം നടന്ന ദിവസം കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിയിരുന്നതിനാല്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലമായിരിക്കാം മരണം സംഭവിച്ചതെന്ന് കരുതി കുടുംബം മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
എന്നാല്‍ തിങ്കളാഴ്ച റുചി കാമുകനോട് സംസാരിക്കുന്നത് ഭര്‍ത്താവ് കേട്ടതോടെ സംശയം തോന്നിയ കുടുംബാംഗങ്ങള്‍ യുവതിയുടെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചു. തുടര്‍ന്ന് ദീര്‍ഘനേരം ഇവര്‍ അപരിചിതനായ വ്യക്തിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തി.
ഭര്‍ത്താവിന്റെ സഹോദരന്‍ ഗോവിന്ദ് ഗുപ്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബല്‍ദേവ് പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ന്നടപടികളിലേക്ക് കടക്കുമെന്നും ഡി.എസ്.പി സഞ്ജീവ് കുമാര്‍ റായ് അറിയിച്ചു.