CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 57 Minutes 9 Seconds Ago
Breaking Now

ഗുരുഗ്രാമില്‍ 12ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വ്യാജ ഡോക്ടര്‍ പിടിയില്‍; അനധികൃത ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നതായി കണ്ടെത്തി

അനധികൃതമായി ഗര്‍ഭച്ഛിദ്രം നടത്തിയെന്നാരോപിച്ച് 27-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹരിയാനയിലെ ഗുരുഗ്രാമില്‍ മെഡിക്കല്‍ ബിരുദമില്ലാതെ ഡോക്ടറായി ചമഞ്ഞ് ക്ലിനിക് നടത്തി അനധികൃതമായി ഗര്‍ഭച്ഛിദ്രം നടത്തിയെന്നാരോപിച്ച് 27-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയില്‍ നിന്ന് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി  കിറ്റ്, വന്‍തോതില്‍ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

പ്രീ-കണ്‍സെപ്ഷന്‍ ആന്‍ഡ് പ്രീ-നേറ്റല്‍ ഡയഗ്‌നോസ്റ്റിക് ടെക്‌നിക്‌സ് ആക്ട് പ്രകാരമുള്ള ഗുരുഗ്രാമിലെ നോഡല്‍ ഓഫീസര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കമല്‍ മഹ്‌തോ എന്നയാള്‍ യാതൊരു അംഗീകൃത മെഡിക്കല്‍ ബിരുദവുമില്ലാതെ കമല്‍ ക്ലിനിക് എന്ന പേരില്‍ ക്ലിനിക് നടത്തി ഗര്‍ഭിണികള്‍ക്ക് അനധികൃതമായി ഗര്‍ഭച്ഛിദ്രം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നതായി പൊലീസ് അറിയിച്ചു.തുടര്‍ന്ന് പൊലീസ് ഒരു ഗര്‍ഭിണിയെ ഡമ്മി രോഗിയായി ക്ലിനിക്കിലേക്ക് അയച്ചു. ഗര്‍ഭച്ഛിദ്രത്തിനായി പ്രതി 1,200 ഈടാക്കി എം.ടി.പി. കിറ്റ് നല്‍കി അത് ഉപയോഗിക്കുന്ന രീതി വിശദീകരിച്ചെന്നും പൊലീസ് പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച സിഗ്‌നല്‍ ലഭിച്ചതോടെ പൊലീസ് ക്ലിനിക്കില്‍ റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലില്‍ താന്‍ പ്ലസ് ടു വരെ മാത്രമാണ് പഠിച്ചതെന്നും അംഗീകൃത മെഡിക്കല്‍ ബിരുദമൊന്നുമില്ലെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൂടാതെ, ക്ലിനിക്കിന്  രജിസ്‌ട്രേഷനും ഉണ്ടായിരുന്നില്ല. രോഗികളുടെ രേഖകളോ മരുന്നുകള്‍ വാങ്ങിയതിന്റെയോ വിറ്റതിന്റെയോ വിതരണത്തിന്റെയോ രേഖകളോ ഹാജരാക്കാന്‍ പ്രതിക്ക് കഴിഞ്ഞില്ലെന്നും പൊലീസ് വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ല സ്വദേശിയായ കമല്‍ മഹ്‌തോ നിലവില്‍ ഗുരുഗ്രാമിലെ ഘട്ട ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. സെക്ടര്‍-65 പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.