CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 29 Minutes 34 Seconds Ago
Breaking Now

സമരം വിജയിക്കാന്‍ കഷ്ടപ്പെട്ടവരെ പരിഗണിച്ചില്ല, തെരുവിലുപേക്ഷിച്ച് നേതാക്കള്‍ പാര്‍ട്ടി ആഘോഷത്തിന് പോയി ; കോക്ക്രോച്ച് ജനതാ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

സി.ജെ.പി വക്താവ് സൗരവ് ദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്‍ഡോര്‍ ഹാളില്‍ പാട്ടുപാടി നൃത്തം ചെയ്യുന്ന റെസിഗ്‌നേഷന്‍ പാര്‍ട്ടി എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

റെസിഗ്‌നേഷന്‍ പാര്‍ട്ടി ദൃശ്യങ്ങള്‍ പുറത്ത് പിന്നാലെ കോക്ക്രോച്ച് ജനതാ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനും സിജെപി മുന്‍നിര പിന്തുണക്കാരനുമായ മേഘ്‌നാദ് എസ്. സമരം വിജയിച്ചെന്ന പേരില്‍ സിജെപി നേതാക്കള്‍ ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍, ഒരു മാസത്തിലേറെയായി സമരരംഗത്തുണ്ടായിരുന്ന പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും ഭക്ഷണവും താമസസൗകര്യവും പോലുമില്ലാതെ ജന്തര്‍ മന്തറില്‍ ഉപേക്ഷിച്ചുവെന്നാണ് ആരോപണം. നീറ്റ്-യു.ജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ കോക്ക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിച്ച സമരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയോടെ ലക്ഷ്യം കണ്ടെത്തിയെങ്കിലും രൂക്ഷമായ വിമര്‍ശനമാണ് സിജെപി നേതാക്കള്‍ നേരിടുന്നത്. സി.ജെ.പി വക്താവ് സൗരവ് ദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്‍ഡോര്‍ ഹാളില്‍ പാട്ടുപാടി നൃത്തം ചെയ്യുന്ന റെസിഗ്‌നേഷന്‍ പാര്‍ട്ടി എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

ഈ വീഡിയോയെ അതിരൂക്ഷമായി വിമര്‍ശിച്ച മേഘ്‌നാദ്, താനും മറ്റ് ചിലരും സ്വന്തം പണം മുടക്കിയാണ് ഭക്ഷണവും തണലുമില്ലാതെ അലഞ്ഞുതിരിഞ്ഞ എഴുപതിലധികം വരുന്ന സമരക്കാരെയും വിദ്യാര്‍ത്ഥികളെയും തിരികെ വീടുകളിലേക്ക് അയച്ചതെന്ന് വെളിപ്പെടുത്തി. നേതാക്കള്‍ ജന്തര്‍ മന്തറില്‍ നിന്ന് മടങ്ങിയതോടെ ഡല്‍ഹി പൊലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരുടെ സാധനസാമഗ്രികള്‍ പിടിച്ചെടുക്കുകയും അവരെ അവിടെനിന്ന് ഒഴിപ്പിക്കുകയും ചെയ്തു. ഒരു മാസം മുഴുവന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവരെ പൂര്‍ണ്ണമായി അവഗണിച്ച് നേതാക്കള്‍ ആഘോഷം നടത്തിയത് തികച്ചും നിര്‍ഭാഗ്യകരമാണെന്നും, സി.ജെ.പിയും മറ്റേതൊരു പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടിയെയും പോലെയായി മാറിയെന്നും മേഘ്‌നാദ് കുറ്റപ്പെടുത്തി.

ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഒറ്റപ്പെട്ടുപോയ പ്രതിഷേധക്കാര്‍ക്ക് വീട്ടിലേക്ക് മടങ്ങാനുള്ള തത്കാല്‍ തീവണ്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും ഡല്‍ഹിയിലെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫീസില്‍ താമസസൗകര്യം ഉറപ്പാക്കാനുമുള്ള വിവരങ്ങള്‍ മേഘ്‌നാദ് പങ്കുവെച്ചിരുന്നു. ഇതിനുപുറമേ, ജന്തര്‍ മന്തറില്‍ കഴിഞ്ഞ ഒരു മാസത്തോളമായി പ്രതിഷേധക്കാര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കിയിരുന്ന ജുനൈദ് എന്ന വ്യക്തിയോടും സി.ജെ.പി നേതൃത്വം വളരെ മോശമായി പെരുമാറിയെന്ന് ആരോപണമുണ്ട്. സമരം അവസാനിച്ച് മടങ്ങുമ്പോള്‍ അദ്ദേഹത്തിന് ഒരു ഹസ്തദാനം നല്‍കാന്‍ പോലും നേതാക്കള്‍ തയ്യാറായില്ലെന്നും, ജുനൈദിനെ പോലീസ് കസ്റ്റഡിയിലെടുത്ത സമയത്ത് നേതാക്കള്‍ ആഘോഷത്തിലായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. സമരം വിജയിപ്പിക്കാന്‍ കഷ്ടപ്പെട്ട സാധാരണക്കാരോട് നേതൃത്വം കാണിച്ച ഈ സമീപനം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.