തുടര്‍ച്ചയായ 12-ാം മത്സരത്തിലും ഗോളെന്ന റെക്കോഡുമായി ലയണല്‍ മെസ്സി രക്ഷകനായപ്പോള്‍ സ്പാനിഷ് ലീഗില്‍ വലന്‍സിയയ്ക്ക് എതിരെ ബാഴ്സലോണയ്ക്ക് സമനില(1-1).
കളിയുടെ 33-ാം മിനിറ്റില്‍ ബനേഗ നേടിയ ഗോളിലൂടെ വലന്‍സിയ മുന്നിലെത്തി(0-1). ഇതോടെ റയല്‍ സോസിഡാഡിനോടേറ്റ തോല്‍വിയുടെ ആവര്‍ത്തനമുണ്ടാകുമെന്ന തോന്നലുയര്‍ന്നു. എന്നാല്‍ ലോകഫുട്ബോളര്‍ മെസ്സി മത്സരഗതി മാറ്റി എഴുതി. ബാഴ്സയ്ക്ക് 39-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റിയാണ് മെസ്സി ലീഗിലെ ഒന്നാം സ്ഥാനക്കാരുടെ മാനം കാത്തത്. 34 ഗോളുകളുമായി മെസ്സി ലീഗില്‍ മുന്നേറ്റം തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(21)യെക്കാള്‍ അര്‍ജന്റീന സൂപ്പര്‍ താരം ബഹുദൂരം മുന്നിലാണ്.
മറ്റൊരു മത്സരത്തില്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ അത്ലറ്റിക്കോ ഏകപക്ഷീയമായ ഒരു ഗോളിന് ബെറ്റിസിനെ തോല്‍പ്പിച്ച് വിലപ്പെട്ട മൂന്ന് പോയന്റുകള്‍ കരസ്ഥമാക്കി. 61-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയാണ് അത്ലറ്റിക്കോയുടെ വിജയ ഗോള്‍ നേടിയത്. 22 കളികളില്‍ നിന്ന് 59 പോയന്റ് നേടിയ ബാഴ്സയുടെ ലീഡ് ഇതോടെ ഒന്‍പത് പോയന്റാക്കി കുറയ്ക്കാന്‍ രണ്ടാം സ്ഥാനക്കാരായ അത്ലറ്റിക്കോയ്ക്ക് (50) കഴിഞ്ഞു.
മറ്റ് മത്സരങ്ങളില്‍ റയല്‍ സോസിഡാഡ് മയോര്‍ക്കയെയും(3-0), സെവിയ വല്ലക്കാനോയെയും(2-1) തോല്പിച്ചു. മലാഗ-സരഗോസ മത്സരം സമനിലയില്‍(1-1) പിരിഞ്ഞു. സോസിഡാഡിനുവേണ്ടി കാസ്ട്രോ(55), വെലെ(70), ഇഫ്രാന്‍(88) എന്നിവര്‍ ഗോള്‍ നേടി. റാക്കിറ്റിച്ച് (45), നെഗ്രഡോ(54) എന്നിവര്‍ സെവിയയ്ക്കുവേണ്ടി സ്കോര്‍ ചെയ്തപ്പോള്‍ വല്ലക്കാനോയുടെ ആശ്വാസഗോള്‍ ഡൊമിന്ഗസിന്റെ വകയായിരുന്നു.