പ്രാചീന ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളുണ്ടായിരുന്നു എന്നു പറഞ്ഞതിന് പിന്നാലെ പുതിയ പ്രസ്താവനയമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രംഗത്ത്. ഇന്ത്യന്‍ സുന്ദരിമാര്‍ക്ക് ഐശ്വര്യത്തിന്റെയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടേയും സരസ്വതിയുടേയും സവിശേഷതകളുണ്ടാകണം. എന്നാല്‍ ഡയാന ഹെയ്ഡന് അതില്ലെന്ന് ബിപ്ലബ് ദേബ് പറഞ്ഞു.
ഡിസൈന്‍ വര്‍ക്ക് ഷോപ്പ് ഉത്ഘാടനത്തിനെത്തിയപ്പോഴാണ് ത്രിപുര മുഖ്യമന്ത്രി പുതിയ പ്രസ്താവന നടത്തിയത്. ഡയാനയ്ക്ക് പോലും ലോക സുന്ദരിപ്പട്ടം കിട്ടി. ഞാനവരെ വിമര്‍ശിക്കുകയല്ല. എനിക്ക് അവരില്‍ സൗന്ദര്യം കാണാന്‍ കഴിയുന്നില്ല. എന്നാല്‍ ഐശ്വര്യ റായി അങ്ങനെയല്ല, ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യയാണ്, ബിപ്ലബ് ദേബ് പറഞ്ഞു.
സ്ത്രീകള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് അന്താരാഷ്ട്ര കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സൗന്ദര്യ മത്സരങ്ങളില്‍ ഇന്ത്യക്കാര്‍ ജേതാക്കളായതോടെയാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നമുക്ക് അഞ്ച് തവണ ലോക സുന്ദരിപ്പട്ടം കിട്ടിയത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അന്താരാഷ്ട്ര കമ്പനികള്‍ ആധിപത്യം സ്ഥാപിച്ചതോടെയാണ് നമുക്ക് ലോക സുന്ദരിപ്പട്ടം കുറഞ്ഞതെന്നും ബിപ്ലബ് ദേബ് പറഞ്ഞു.