തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ രക്തസാമ്പിളുകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ മദ്രാസ് ഹൈക്കോടതിയില്‍. ജയലളിതയുടെ മകളാണെന്ന അവകാശപ്പെട്ട് ബംഗളൂരു സ്വദേശിനി അമൃത സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള ചോദ്യത്തിന് മറുപടിയുമായിട്ടാണ് ആശുപത്രി അധികൃതര്‍ കോടതിയെ ഇക്കാര്യമറിയിച്ചത്.
താന്‍ ജയലളിതയുടെ മകളാണെന്നും ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടാണ് അമൃത കോടതിയിലെത്തിയത്. ഇതിനായി കോടതി അപ്പോളോ ആശുപത്രിയില്‍ ജൈവീക ഘടകങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചത്. രക്തസാമ്പിളുകളും മറ്റും സൂക്ഷിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ മറുപടി നല്‍കി.
2016 സെപ്തംബര്‍ 22ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഡിസംബര്‍ 5നാണ് മരിച്ചത്. തുടര്‍ന്ന് താന്‍ ജയലളിതയുടെ മകളാണെന്ന അവകാശവുമായി അമൃത രംഗത്തെത്തി. താനും ജയലളിതയുമായി പയസ് ഗാര്‍ഡനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും അമൃത പറഞ്ഞു.
എന്നാല്‍ അമൃതയുടെ വാദം ജയലളിതയുടെ സഹോദരന്റെ മക്കള്‍ തള്ളി. വാദം തെറ്റാണെന്ന് തെളിവുകളുമായി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലവും നല്‍കി. ജൂണ്‍ 4നാണ് അമൃതയുടെ ഹര്‍ജിയില്‍ കോടതി ഇനി വാദം കേള്‍ക്കുക.