കൊക്കൊ-കോള കുടിച്ചാല്‍ എന്തെങ്കിലും ഗുണമുണ്ടോ? തീര്‍ച്ചയായും ഇല്ല. പക്ഷെ ഒരു സ്റ്റൈലിന്റെ ഭാഗമായി ഇതെല്ലാം നമ്മള്‍ വാങ്ങിക്കുടിക്കും. എന്നാല്‍ ഒരു കുപ്പി വാങ്ങി കുടിച്ചാല്‍ കിക്ക് കിട്ടുമെന്ന അവസ്ഥ വന്നാലോ! മദ്യത്തിന് പകരം ആളുകള്‍ കൊക്കൊ-കോള ശീലമാക്കും. കഞ്ചാവ് ചേര്‍ത്ത വെല്‍നെസ് ഡ്രിങ്ക് വിപണിയിലിറക്കാനാണ് ശീതളപാനീയ വമ്പന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറോറ കനാബിസുമായി ചേര്‍ന്ന് റിക്കവറി ഡ്രിങ്കുകളുടെ ഒരു നിര തന്നെ ഇറക്കാനുള്ള ചര്‍ച്ചളിലാണ് കൊക്കൊ-കോളയെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഞ്ചാവ് ചെടികളില്‍ കാണുന്ന നോണ്‍-സൈക്കോആക്ടീവ് കെമിക്കലായ സിബിഡി അഥവാ കനാബിഡിയോള്‍ ചേര്‍ത്ത് ശീതളപാനീയം എത്തിക്കാനാണ് പദ്ധതി.
ചെറിയ പെയിന്‍കില്ലറായി പ്രവര്‍ത്തിക്കുന്ന ഇവ മസില്‍ വേദനയും, നീരും ഒഴിവാക്കാന്‍ സഹായിക്കും. അതേസമയം കഞ്ചാവ് പുകയ്ക്കുന്നവര്‍ക്ക് ലഭിക്കുന്നത് പോലും മാസ്മരിക അവസ്ഥയൊന്നും ഇത് സൃഷ്ടിക്കുകയുമില്ല. രണ്ട് കമ്പനികളും കരാറിന് അരികില്‍ എത്തിക്കഴിഞ്ഞെന്നാണ് ഇതുമായി ബന്ധപ്പെട്ട ശ്രോതസ്സ് നല്‍കുന്ന വിവരം. മരുന്ന് ചേര്‍ത്ത പാനീയങ്ങളുടെ ബിസിനസ്സ് ലോകമെമ്പാടും വളരുന്നതാണ് കമ്പനിയുടെ ചുവടുമാറ്റത്തിന് പിന്നില്‍.
2017-ല്‍ ലാഭം 16 ശതമാനം താഴേക്ക് പോയതോടെ പുതിയ വരുമാന ശ്രോതസ്സുകള്‍ തേടുകയാണ് കൊക്കൊകോള. കഞ്ചാവ് ചേര്‍ത്ത് സംഗതി വിപണിയിലെത്തിയാല്‍ കുപ്പികള്‍ ചൂടപ്പം പോലെ വിറ്റുപോകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.