Breaking Now

18 സംസ്ഥാനങ്ങളില്‍ നിഷ്പ്രഭരായി കോണ്‍ഗ്രസ്; തോറ്റവരില്‍ എട്ട് മുന്‍ മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്; ബിജെപി ഒറ്റയ്ക്ക് ഭരിക്കും, 302 സീറ്റുകളുമായി; എന്‍ഡിഎ വോട്ട് ശതമാനത്തില്‍ റെക്കോര്‍ഡ് കുതിപ്പ്; അമേഠിയില്‍ സ്മൃതിയോട് രാഹുലിന്റെ തോല്‍വി 55,000 ലേറെ വോട്ടുകള്‍ക്ക്

മോദി സുനാമിയില്‍ വിജയക്കുതിപ്പ് നടത്തിയ കേന്ദ്ര മന്ത്രിമാരുടെ എണ്ണവും റെക്കോര്‍ഡാണ്

പ്രതിപക്ഷ നിരയെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് രാജ്യം വന്‍വിജയം സമ്മാനിച്ചത്. അര്‍ദ്ധരാത്രിയില്‍ 243 സീറ്റുകളില്‍ ബിജെപി വിജയം നേടിയിട്ടുണ്ട്, 60 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുന്നു. 272 സീറ്റുകള്‍ക്ക് മുകളില്‍ നേടുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു അവര്‍. ബിജെപി ഒറ്റയ്ക്കാണ് ഈ മൃഗീയ ഭൂരിപക്ഷം ഉറപ്പാക്കിയത്. ജനതാദള്‍ യുണൈറ്റഡും, ശിവസേനയും ഉള്‍പ്പെടുന്ന എന്‍ഡിഎയുടെ കണക്ക് നോക്കിയാല്‍ 350 സീറ്റില്‍ എത്തും. 

50 സീറ്റുകളില്‍ താഴെ മാത്രം നേടി കോണ്‍ഗ്രസ് നിരാശയിലേക്ക് വീണുകഴിഞ്ഞു. മികച്ച പ്രചരണം ഉറപ്പാക്കിയെങ്കിലും കോണ്‍ഗ്രസ് ഇതുവരെ വിജയിച്ചത് 39 സീറ്റുകളില്‍, 13 എണ്ണത്തില്‍ ലീഡാണ്. 2014 തെരഞ്ഞെടുപ്പ് ഫലത്തേക്കാള്‍ കൂടുതല്‍ സീറ്റ് നേടി ശക്തി വര്‍ദ്ധിപ്പിച്ചാണ് ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നത്. 2014-ല്‍ 282 സീറ്റുകളാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്. ഇക്കുറി 302 സീറ്റില്‍ കാര്യങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷ. രാജ്യസഭയില്‍ കൂടി ഭൂരിപക്ഷം ഉറപ്പിച്ച മോദി സര്‍ക്കാരിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. 

പ്രതിപക്ഷം ഇല്ലാതാകുന്ന കാഴ്ച കോണ്‍ഗ്രസിനെയാണ് ഏറ്റവും കൂടുതല്‍ ഞെട്ടിക്കുന്നത്. 18 സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി നയിച്ച കോണ്‍ഗ്രസ് ഇല്ലാതായി. പാര്‍ട്ടിയുടെ എട്ട് മുന്‍ മുഖ്യമന്ത്രിമാര്‍ തകര്‍ന്നടിഞ്ഞതോടൊപ്പം, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും തോറ്റു. കേരളത്തില്‍ നിന്നുമുള്ള 15 സീറ്റ് ഒഴിച്ചാല്‍ ഒരു സംസ്ഥാനത്ത് പോലും പാര്‍ട്ടിക്ക് രണ്ടക്കം കടക്കാനായില്ല. പ്രാദേശിക പാര്‍ട്ടികളില്‍ പ്രതിപക്ഷ ഐക്യം ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച ചന്ദ്രബാബു നായിഡു അക്കൗണ്ട് തുറക്കാന്‍ പോലും കഴിയാതെ ഞെട്ടിത്തരിച്ചു. 

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയോട് പൊരുതി ബിജെപി 18 പ്രതിനിധികളെയാണ് ലോക്‌സഭയിലേക്ക് അയച്ചത്. 13 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ബിജെപിയുടെ വോട്ട് വിഹിതം 50 ശതമാനം കടന്നപ്പോള്‍ കോണ്‍ഗ്രസിന് ഈ നേട്ടം പുതുച്ചേരിയില്‍ മാത്രമാണ് നേടാനായത്. മറ്റെല്ലാ ഇടങ്ങളിലും, പ്രത്യേകിച്ച് ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ പ്രതിപക്ഷ വോട്ട് ശതമാനം ഒറ്റ അക്കത്തിലാണ്. 2014-ല്‍ 31.34 ശതമാനം വോട്ട് വിഹിതം നേടിയ ബിജെപിക്ക് ഇത് വന്‍തോതില്‍ ഉയര്‍ത്താന്‍ സാധിച്ചപ്പോള്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെ 19.5 ശതമാനത്തില്‍ ചെറിയ വ്യത്യാസം നേടി. 

മോദി സുനാമിയില്‍ വിജയക്കുതിപ്പ് നടത്തിയ കേന്ദ്ര മന്ത്രിമാരുടെ എണ്ണവും റെക്കോര്‍ഡാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ വീഴ്ത്തി ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയാണ് ഏറ്റവും വലിയ പടക്കുതിരയായി മാറിയത്. ബിഹാറിലെ ബെഗുസാരയില്‍ സിപിഐയുടെ കനകയ്യ കുമാറിനെ ഗിരിരാജ് സിംഗും, ബിജെപിയെ ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേക്കേറിയ ശത്രുഘന്‍ സിന്‍ഹയെ പട്‌ന സാഹിബില്‍ രവിശങ്കര്‍ പ്രസാദും വീഴ്ത്തി. അമേഠിയില്‍ 55,000 വോട്ടിലേറെ നേടിയാണ് രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്. 

കുടുംബ സീറ്റായി കണ്ടിരുന്ന മധ്യപ്രദേശിലെ ഗുണയില്‍ ജ്യോതിരാദിത്യ സിന്ധ്യയും, രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് ആദ്യ തോല്‍വി ഏറ്റുവാങ്ങി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, അജയ് മാക്കന്‍, ഷീലാ ദീക്ഷിത്, ദിഗ്വിജയ് സിംഗ് തുടങ്ങിയവരുടെ തോല്‍വിയും കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായി. ബിജെപി ക്യാംപില്‍ മന്ത്രിമാരായ ഹര്‍ദീപ് പുരി, കെജെ അല്‍ഫോണ്‍സ് എന്നിവരുടെ തോല്‍വിയാണ് ഞെട്ടലായത്. 
കൂടുതല്‍വാര്‍ത്തകള്‍.